Saturday, April 19, 2025

HomeAmericaഫാ. സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യ ജൂബിലി ഭക്തിസാന്ദ്രമായി

ഫാ. സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യ ജൂബിലി ഭക്തിസാന്ദ്രമായി

spot_img
spot_img

ചിക്കാഗോ: ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ ഭാഗമായ ക്‌നാനായ റീജിയനിലെ മയാമിയിലുള്ള സെ. ജൂഡ് ക്‌നാനായ കാത്തലിക് ഇടവകയുടെ വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി 2024 ഡിസംബര്‍ ഒന്നിന് മയാമിയിലുള്ള സെ. ജൂഡ് ദേവാലയത്തില്‍ വെച്ച് ഇടവകജനങ്ങള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. കോട്ടയം രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ മലബാര്‍ കുടിയേറ്റത്തിലേക്ക് കൂടല്ലൂര്‍ ഇടവകയില്‍ നിന്ന് ആദ്യമായി കുടിയേറിയ കുടുംബങ്ങളിലൊന്നാണ് പിണര്‍ക്കയില്‍ കുര്യന്‍-മേരി ദമ്പതികള്‍.

അവരുടെ ആറ് മക്കളില്‍ ഒരാളാണ് ഫാ. സജി പിണര്‍ക്കയില്‍. രാജപുരത്തിനടുത്തായി മാലക്കല്ലില്‍ പ്രഥമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് ജീവിതം ദൈവത്തിനായി മാറ്റിവെച്ച് എസ്.എച്ച് മൗണ്ട് മൈനര്‍ സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥിയായി ചേര്‍ന്നു. തുടര്‍ന്ന് വടവാതൂര്‍ സെ. തോമസ് സെമിനാരിയില്‍ നിന്ന് തിയോളജി പഠനം പൂര്‍ത്തിയാക്കിയശേഷം അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്തയില്‍ നിന്ന് 1999 ഡിസംബര്‍ 27-ന് തിരുപ്പട്ടം സ്വീകരിച്ച് 2000 ജനുവരി 1-ാം തീയതി മാലക്കല്ല് പള്ളിയില്‍ വെച്ച് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

കഴിഞ്ഞ 25 വര്‍ഷക്കാലത്തിനുള്ളില്‍ 17 ഇടവകകളില്‍ വൈദികശുശ്രൂഷ ചെയ്യുന്നതിന് സജി അച്ചനു സാധിച്ചു. 2011-ല്‍ ക്‌നാനായ റീജിയന്റെ പ്രഥമ ദേവാലയമായ ചിക്കാഗോ സെ. മേരീസ് ദേവാലയത്തിലും സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലും അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. ആറ് മാസങ്ങള്‍ക്കു ശേഷം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ പ്രഥമ വികാരിയായി. അതേത്തുടര്‍ന്ന് ഹൂസ്റ്റണ്‍ സെ. മേരീസ് ചര്‍ച്ച്, സാന്‍ജോസ് സെ. മേരീസ് ചര്‍ച്ച് തുടങ്ങിയ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം 2013 ഓഗസ്റ്റ് മാസത്തില്‍ മയാമിയിലുള്ള സെ. ജൂഡ് ക്‌നാനായ ഇടവകയുടെ വികാരിയായി ചാര്‍ജെടുത്തു.

സജി അച്ചന്റെ കൃത്യനിഷ്ഠ, ഭക്തിപൂര്‍വ്വമായ ദിവ്യബലി, ഇടവക ജനങ്ങളെ തട്ടിയുണര്‍ത്തുന്ന വചനപ്രഭാഷണം, നല്ല ഗാനാലാപനം, നോമ്പുകാലങ്ങളിലെ ആരാധന, ജപമാല ഭക്തിയും ആഴമേറിയ വിശ്വാസവും തുടങ്ങിയ മികവുറ്റ കഴിവുകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു.

2024 ഡിസംബര്‍ ഒന്നാം തീയതി മയാമി സെ. ജൂഡ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് വൈകുന്നേരം 4.30-ന് ആഘോഷമായ സമൂഹബലിയോടെ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. ക്‌നാനായ റീജിയന്റെ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫ്‌ളോറിഡ ഫൊറോന വികാരി ഫാ. ജോസഫ് ആദോപ്പിള്ളില്‍, ഫാ. ജോബി പൂച്ചുകണ്ടത്തില്‍, ഫാ. അഗസ്റ്റിന്‍ നടുവിലേക്കുറ്റ്, ഫാ. ഐസക് സിഎംഐ. ഫാ. മാത്യു കരികുളം, ഫാ. സന്തോഷ് പുലിപ്ര, ഫാ. റോയി ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായ ദിവ്യബലിക്കു ശേഷം ദേവാലയത്തില്‍ വെച്ച് നടത്തിയ അനുമോദന മീറ്റിങ്ങില്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോണി ഞാറവേലിയുടെ നേതൃത്വത്തിലുള്ള ദേവാലയ ഗായകസംഘം ആലപിച്ച മാര്‍ത്തോമ്മന്‍ ഭക്തിഗാനത്തോടെ മീറ്റിങ് ആരംഭിച്ചു.

ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ ലോറന്‍സ് മുടികുന്നേല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫാ. ജോസ് ആദോപ്പിള്ളില്‍, ഫാ. മാത്യു പാടിക്കല്‍, കൈക്കാരന്‍ ജോസഫ് പതിയില്‍, ഡിആര്‍ഇ സുബി പനന്താനത്ത്, പിആര്‍ഒ എബി തെക്കനാട്ട് തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. നികിത കണ്ടാരപ്പള്ളില്‍, ജോസ്‌നി വെള്ളിയാന്‍ എന്നിവര്‍ ചേര്‍ന്ന് സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ പ്രോഗ്രാമുകളും ജെന്നിമോള്‍ മറ്റംപറമ്പത്തിന്റെ ഗാനാലാപനവും ഗായകസംഘത്തിന്റെ സമൂഹഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ബിനു ചിലമ്പത്ത് കൃതജ്ഞത പ്രകാശിപ്പിച്ചു. കൈക്കാരന്‍ ഏബ്രഹാം പുതിയെടുത്തുശ്ശേരില്‍ ഇടവകസമൂഹത്തിന്റെ സമ്മാനം അച്ചന് കൈമാറി. ജോമോള്‍ വട്ടപ്പറമ്പില്‍ പ്രോഗ്രാമിന്റെ എംസിയായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments