കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ക്ഷണക്കത്തു കിട്ടിയിരിക്കുന്നത് തൃപ്പൂണിത്തുറ എം ൽ എ യും കോൺഗ്രസ് നേതാവും ആയ കെ ബാബുവിനാണ്. കല്യാണം,മമ്മോദീസ, നൂലുകെട്ടു, വീട് താമസം തുടങ്ങിയ ദൈനം ദിന ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡും ബാബുവിന്റെ പേരിലാണ്. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ആയ കാലം മുതൽ ഇപ്പോൾ ഏതാണ്ട് മുപ്പതു വർഷത്തോളമായി എം ൽ എ ആയി തുടരുമ്പോഴും ഏതു ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും ബാബുവിന് മടിയില്ല.
എ കെ ആന്റണിയുടെ പിൻബലത്തിൽ ആദ്യമായി കമ്മ്യൂണിസ്റ് കോട്ടയായ തൃപ്പുണിത്തുറയിൽ സീറ്റ് കിട്ടുവാൻ പിടിവലി കൂടിയപ്പോൾ ചടങ്ങുകൾ കൂടുവാൻ ബാബുവിന് ക്ഷണക്കത്തു നിർബന്ധം ഇല്ലായിരുന്നു.തൃപ്പൂണിത്തുറമണ്ഡലത്തിൽ എവിടെ കല്യാണം ഉണ്ടെന്നറിഞ്ഞാൽ ബാബു അവിടെ എത്തിയിരിക്കും. എം ൽ എ ആയതിനു ശേഷം ബാബു ക്ഷണക്കത്തു നിർബന്ധം ആക്കി. അനൗദ്യോഗിക കണക്കനുസരിച്ചു ബാബു ഒരു ദിവസം അൻപത്തി മൂന്നു കല്യാണം വരെ കൂടിയിട്ടുണ്ട്
കല്യാണം കൂടിയതിൽ രണ്ടാം സ്‌ഥാനത്തു ബാബുവിന് തൊട്ടു പിന്നിലായി ഉള്ളത് കടുത്തുരുത്തി എം ൽ എ യും മുൻ മന്ത്രിയും ആയ മോൻസ് ജോസഫ് ആണ്. പണ്ടു കോളേജ് പഠനം കഴിഞ്ഞു കടുത്തുരുത്തി പള്ളിയിലെ യുവദീപ്തിയുടെ നേതാവായി പി ജെ ജോസഫിന്റെ കൂടെ കൂടി കടുത്തുരുത്തി സീറ്റിനായി ആഞ്ഞു പിടിക്കുന്ന സമയത്തു മോൻസിനു ചടങ്ങുകളിൽ സംബന്ധിക്കാൻ ക്ഷണക്കത്തു നിർബന്ധം ഇല്ലായിരുന്നു. കടുത്തുരുത്തിയിൽ എവിടെ കല്യാണം ഉണ്ടോ പുര താമസം ഉണ്ടോ മരിച്ചടക്ക് ഉണ്ടോ അവിടെ അവസാന നിമിഷത്തിൽ എങ്കിലും മോൻസ് എത്തിയിരിക്കും.
തൊണ്ണൂറ്റിയാറിൽ ആദ്യമായി എം ൽ എ ആയിട്ടു പോലും മോൻസ് ക്ഷണക്കത്തു നിർബന്ധം ആക്കിയില്ല. പക്ഷേ രണ്ടായിരത്തി എഴിൽ പി ജെ ജോസഫ് രാജീവച്ച ഒഴിവിൽ മന്ത്രി ആയതിനു ശേഷം മോൻസ് ക്ഷണക്കത്തു നിർബന്ധം ആക്കി. ഇപ്പോൾ ശരാശരി മുപ്പതു മുതൽ മുപ്പത്തിയഞ്ചു കല്യാണങ്ങളിൽ എല്ലാ ഞായറാഴ്ചയും മോൻസ് പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്
മുൻ തൃശൂർ എം പി യും നാട്ടിക കടപ്പുറത്തിന്റെ പൊന്നോമന പുത്രനും ആയ ടി ൻ പ്രതാപനും ബാബുവിനും മോൻസിനും ഒട്ടും പിന്നിലല്ല നാട്ടികയിൽ ആദ്യം എം ൽ എ ആകുന്നതിനു മുൻപ് തൃപ്രയാർ വാടാനപ്പള്ളി വലപ്പാട് കടലിൽ കൂടി വള്ളത്തിൽ വലയുമായി നടന്ന കാലത്ത് ഏതു കല്യാണത്തിനും ക്ഷണക്കത്തു കിട്ടാതെ വരുന്ന ഏക വ്യക്തി പ്രതാപൻ ആയിരുന്നു. ആദ്യമായി നാട്ടികയിൽ എം ൽ എ ആയി ഒരു വർഷത്തിന് ശേഷം നാട്ടികക്കാരൻ ആയ മുതലാളി എം എ യൂസഫലി സാഹിബുമായി ഒരു വേദി പങ്കിട്ടു അദ്ദേഹവുമായി സൗഹൃദത്തിൽ ആയ ശേഷം പ്രതാപൻ ക്ഷണക്കത്തു നിർബന്ധം ആക്കി
രണ്ടായിരത്തി പത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂര് സ്‌ഥാനാർഥി ആയതോടെ പ്രതാപൻ വീണ്ടും തന്റെ തീരുമാനത്തിൽ മാറ്റം വരുത്തി ഇലക്ഷൻ പ്രചരണത്തിനിടയിൽ തന്നെ കല്യാണമോ മമ്മൂദീസയോ നൂലുകെട്ടോ ക്ഷണിക്കാൻ വരേണ്ടന്നും അറിഞ്ഞു കേട്ടു താൻ എത്തിക്കോളാം എന്നും മൈക്കിൽ കൂടി അനൗൺസ് ചെയ്യിച്ചു
കേരളത്തിലെ മുൻ മന്ത്രിയും ദീർഘനാൾ എം ൽ എ യും ആയ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഏതു ചടങ്ങിൽ പങ്കെടുക്കണമെങ്കിലും ക്ഷണക്കത്തു നിർബന്ധം ആണ്. ഇടക്കാലത്തു കേന്ദ്രമന്ത്രിയാകുവാൻ എം പി ആയി ഡൽഹിയിൽ പോയെങ്കിലും നടക്കാതെ വന്നപ്പോൾ നാട്ടിൽ കല്യാണം കൂടുവാൻ പറ്റുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം വീണ്ടും മലപ്പുറം എം പി സ്‌ഥാനം വലിച്ചെറിഞ്ഞു വേങ്ങരയിൽ എം ൽ എ ആയതു. പക്ഷേ കേരള രാഷ്ട്രീയത്തിലെ ചെറിയ ഭീഷ്‌മചര്യൻ മാരിൽ ഒരാളാണെങ്കിലും പണ്ടു രണ്ടായിരത്തി ആറിൽ തന്റെ ബദ്ധ ശത്രു കെ ടി ജലീലിനോട് കുറ്റിപ്പുറത്തു പരാജയപ്പെട്ടു അഞ്ച് വർഷം പണിയില്ലാതെ നടന്നപ്പോൾ കുഞ്ഞാലിക്കുട്ടി സാഹിബും ചടങ്ങുകളിൽ സംബന്ധിക്കാൻ ക്ഷണക്കത്തു നിർബന്ധം ഇല്ലായെന്ന തീരുമാനത്തിൽ ആയിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്
നിലവിലെ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവും ആയ കെ ബി ഗണേഷ് കുമാർ രണ്ടായിരത്തി ഒന്നിൽ പത്തനാപുരത്തു ആദ്യമായി മത്സരിക്കുവാൻ വരുന്നതിനുമുൻപ് ക്ഷണക്കത്തു ഇല്ലാതെയും ഒരുപാട് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇപ്പോൾ വരുന്ന രഹസ്യ റിപ്പോട്ടുകൾ
പല പ്രാവശ്യം ആയി മൂന്നു തവണ മന്ത്രി ആയതുകൊണ്ടും സിനിമ മേഖലയിൽ ഒരു പിടി ഉള്ളതുകൊണ്ടും ഇപ്പോൾ അദ്ദേഹം ക്ഷണക്കത്തു നിർബന്ധം ആക്കിയിരിക്കുകയാണ്
മുൻ കുന്നത്തുനാട് എം ൽ എ യും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ടി എച്ച് മുസ്‌തഫ കല്യാണം കൂടുന്ന കാര്യത്തിൽ ആഡ്യാനും അഭിമാനിയും അന്തസ് ഉള്ളവനും ആയിരുന്നു. കുന്നത്തുനാട്ടിലെ ജനങ്ങളോട് അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് കല്യാണം വിളിച്ചാൽ മാത്രമേ ഞാൻ വരികയുള്ളൂ തന്നെയുമല്ല മട്ടൻ ബിരിയാണിയും ചിക്കൻ ഫ്രൈയും നിർബന്ധം ആയും ഉണ്ടായിരിക്കണം
ധാരാളം കല്യാണങ്ങൾ ഉണ്ടായാളാണ് സിനിമ നടനും കൊല്ലം എം ൽ എ യും ആയ മുഖേഷ്. രാഷ്ട്രീയത്തിലും സിനിമയിലും കരുത്തൻ ആയിരുന്നതുകൊണ്ട് കഴിഞ്ഞ നാൽപതു വർഷമായി ക്ഷണക്കത്തു കിട്ടാത്ത ഒരു ചടങ്ങുകൾക്കും അദ്ദേഹം പോയിട്ടില്ല. പക്ഷേ ഏതാനും മാസങ്ങൾക്ക് മുൻപ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നു അദ്ദേഹം പീഡന കേസിൽ പ്രതിയായതോടെ ഒരു ക്ഷണക്കത്തു പോലും കിട്ടാറില്ല. ഇപ്പോൾ കേൾക്കുന്നത് അദ്ദേഹം കല്യാണങ്ങൾ ഉണ്ടെന്നറിഞ്ഞാൽ ഇടിച്ചു കയറി ചെല്ലുകയാണെന്നത്രെ
കാസർഗോഡ് എം പി യും കോൺഗ്രസിലെ ഗർജിക്കുന്ന സിംഹവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ കാര്യമാണ് ഏറെ കഷ്ടം. പണ്ടു ചാനലുകളിൽ കൂടി മാറി മാറി ഡയലോഗ് വിടുവാൻ പോയ കാലത്ത് ഒരു കല്യാണം പോയിട്ട് അടിയന്തിരം പോലും വിളിക്കാതിരുന്ന സ്വന്തം നാടായ കൊല്ലത്തെ നാട്ടുകാരും വീട്ടുകാരും ഇപ്പോൾ എം പി യായി പ്രതാപിയായതോടെ തൊട്ടതിനും പിടിച്ചതിനും ഒക്കെ വിളിക്കുവാൻ തുടങ്ങി. കാസർഗോഡ് നിന്നും കൊല്ലത്തു എത്തുവാൻ ഒരു ദിവസം വേണ്ടിയത് കൊണ്ടു നാട്ടിൽ ഞെളിഞ്ഞു നിൽക്കുവാനുള്ള അവസരം നഷ്ടപ്പെട്ട നിരാശയിൽ ആണ് ഉണ്ണിത്താൻ
എൺപത്തി രണ്ടിൽ ചങ്കും വിരിച്ചു മുണ്ടും മടക്കി കുത്തി ആദ്യമായി പൂഞ്ഞാറിൽ നിന്നും ജയിച്ചു നിയമസഭയിൽ എത്തിയ പി സി ജോർജ് എം ൽ എ ആയിരുന്ന കഴിഞ്ഞ മുപ്പതു കൊല്ലം ക്ഷണക്കത്തിന്റെ കൂടെ ഒരു കാറും വിട്ടുകൊടുത്താലേ ചടങ്ങുകളിൽ സംബന്ധിക്കുമായിരുന്നുള്ളൂ. പക്ഷേ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ഷണക്കത്തു വേണ്ടാന്നു പറഞ്ഞു പൂഞ്ഞാറിൽ സമ്മേളനം വരെ നടത്തി
ചാനലുകളിൽ പോയി ഇരുന്നു നാവു വളച്ചാൽ എന്തെങ്കിലും പറയുമോയെന്നു പേടിച്ചു ഒരുവിധം എല്ലാവരും രാഷ്‌ടീയ നിരീക്ഷകൻ ജയശങ്കറെ എല്ലാ ചടങ്ങുകളും ക്ഷണിക്കും. പക്ഷേ പല്ലില്ലാത്തതു കൊണ്ടു കട്ടൻ ചായ മാത്രം കുടിച്ചു വക്കീലു സ്‌ഥലം വിട്ടോളും
കഴിഞ്ഞ പതിനഞ്ചു വർഷമായി ഒരു കല്യാണം പോലും കൂടുവാൻ സാധിക്കാത്ത ഹതഭാഗ്യൻ ആണ് മറുനാടൻ ഷാജൻ യൂട്യൂബ് ചാനൽ ഒക്കെ ഏതാണ്ട് ക്ലച്ചു പിടിച്ചു ഇനിയിപ്പം അൽപ്പം സോഷ്യലൈസിങ് ആകാം എന്നു വിചാരിച്ചപ്പോൾ ആണ് പിണറായിയെ പേടിച്ചു നാട് വിട്ടതും ഒളിവിൽ പോയതും. സ്റ്റുഡിയോയിലെ കമ്പ്യൂട്ടർ മുഴുവൻ പോലീസ്കാർ എടുത്തുകൊണ്ടു പോയതുകൊണ്ട് മറുനാടൻ ഇപ്പോൾ ഒളിവിൽ ഇരുന്നു ലാപ്ടോപ്പിൽ ആണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്
വിഴിഞ്ഞം തുറമുഖത്തിന്റ കമ്മീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആദ്യം ക്ഷണിക്കുന്നില്ല എന്നു പറഞ്ഞ മന്ത്രി വാസവൻ പിന്നെ പറഞ്ഞു ക്ഷണിച്ചെന്നു. സതീശൻ ആദ്യം പറഞ്ഞു ക്ഷണിച്ചാൽ പോകുമെന്ന് ക്ഷണിച്ചു കഴിഞ്ഞു പറഞ്ഞു ക്ഷണിച്ചില്ലെന്നു.
ഏതായാലും ക്ഷണിച്ചിട്ടാണോ ക്ഷണിക്കാതെ ആണോ ചടങ്ങിൽ പങ്കെടുത്തു വേദിയിൽ ഇരുന്ന ബി ജെ പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർജി കിട്ടിയ അവസരം മുതലെടുത്തു ജീവിതത്തിൽ ആദ്യമായാണെന്നു തോന്നുന്നു മുദ്രാവാക്യം വിളിക്കുന്നത് കാണുവാനുള്ള ഭാഗ്യം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടായി .

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)