ബി ബി സി യുടെയും അൽ ജസീറായുടെയും എൻ ഡി ടി വി യുടെയും മോഡലിൽ ഏതാണ്ട് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ന്യൂസ് അവർ എന്ന പേരിൽ വൈകിട്ടത്തെ അന്തി ചർച്ച തുടങ്ങുകയും ഏറെ താമസിയാതെ തുടങ്ങിയ ഇന്ത്യാവിഷൻ ചാനലിൽ ന്യൂസ് നൈറ്റ് എം വി നികേഷ്കുമാറും ചന്ദ്രശേഖരനും കൂടി രാത്രി ഒൻപതു മണിക്ക് അവതരിപ്പിക്കുകയും ചെയ്തപ്പോൾ യൂ ഡി എഫ് നെയും എൽ ഡി ഫ് നെയും പ്രധിനിതീകരിച്ചു എത്തിയ ചില പാനലിസ്റ്റുകൾ ചാനൽ ചർച്ചയുടെ മര്യാദ പാലിക്കാതെ ആക്രോശിക്കുകയും അട്ടഹസിക്കുകയും ചെയ്യുമ്പോൾ അന്നും ഇന്നും യാതൊരു പ്രകോപനവും ഉൾക്കൊള്ളാതെ ചിരിക്കുന്ന മുഖവുമായി പറയാനുള്ളത് കൃത്യമായ പോയിന്റിൽ ഊന്നി സംസാരിക്കുന്ന ബി ജെ പി നേതാവാണ് നാട്ടുകാരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സ്നേഹത്തോടെ ജോർജ്കുട്ടി എന്നു വിളിക്കുന്ന നിയുക്ത കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
കോട്ടയത്തിനടുത്തു നാട്ടകം ഗവണ്മെന്റ് കോളേജിലും പാലാ സെന്റ് തോമസ് കോളേജിലും പഠനനത്തിന് ശേഷം ബി ജെ പി സ്‌ഥാപിതമായ 1980ൽ ആ പാർട്ടിയിൽ അംഗത്വം എടുത്തു പ്രവർത്തനം തുടങ്ങിയപ്പോൾ കോട്ടയം ജില്ലയിൽ കാണക്കാരിക്കടുത്തു നമ്പ്യാർകുളം പള്ളി ഇടവകക്കാരനായ ജോർജ് കുര്യന് നാട്ടുകാർ അത്ഭുതത്തോടെ ആണ് വീക്ഷിച്ചത്.
ബി ജെ പി ക്ക് കെട്ടിവച്ച കാശുപോലും കിട്ടാതിരുന്ന ഒരു കാലത്ത് സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാതിരുന്ന ജോർജ് കുര്യൻ രണ്ടു തവണ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഒരു തവണ മൂവാറ്റുപുഴയിൽ നിന്നും മത്സരിച്ചു. കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായ സാക്ഷാൽ ഉമ്മൻചാണ്ടിയോടും അദ്ദേഹത്തിന്റെ തട്ടകമായ പുതുപ്പള്ളിയിൽ മത്സരിക്കുവാൻ അടിയുറച്ച ബി ജെ പി ക്കാരൻ ആയ ജോർജ് കുര്യൻ ഒരിക്കൽ വൈമുഖ്യം കാണിച്ചില്ല.
ബി ജെ പി ശോഭ സുരേന്ദ്രന് മത്സരിപ്പിച്ചു 2024ൽ എ ക്ലാസ്സ് മണ്ഡലങ്ങൾ ആക്കിയ ആറ്റിങ്ങലും പാലക്കാടും പോലെ 2029 ലേയ്ക്കു ലക്ഷ്യം ഇടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് 2019 ലെ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്‌ഥാനാർഥി ആയി മത്സരിച്ചു പി സി തോമസ് രണ്ടുലക്ഷത്തിൽ അടുത്ത് വോട്ടു പിടിച്ച കോട്ടയം പാർലമെന്റു മണ്ഡലം.
സീറോമലബാർ സഭയുടെ ഇരിങ്ങാലക്കുട തൃശൂർ രൂപതകൾ ഉൾപ്പെടുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന ജയം നേടിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ കത്തോലിക്കാ സമുദായത്തിന് നൽകിയ ഓണസമ്മാനം ആണ് ജോർജ് കുര്യന്റെ മന്ത്രി പദം.
കോട്ടയം ജില്ലക്കാരായ അൽഫോൻസ് കണ്ണന്താനവും പി സി തോമസും കത്തോലിക്ക കുടുംബ പാരമ്പര്യം പറഞ്ഞു പല പാർട്ടികളിൽ പദവികൾ നേടി ചാടി ചാടി പോയതുപോലെ ആയിരിക്കില്ല മാന്യതയുടെ മുഖമായ ജോർജ് കുര്യൻ കോട്ടയം ജില്ലയിൽ നിന്നും ബി ജെ പി ക്ക് നൽകുവാൻ പോകുന്ന സംഭാവനകൾ.
ദേശീയ ന്യൂനപക്ഷ ഉപാധ്യക്ഷൻ ആയിരുന്നപ്പോൾ ജോർജ് കുര്യൻ ഉണ്ടാക്കിയെടുത്ത കേരളത്തിലെ പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളിലെ മെത്രാൻമാരുമായും വൈദിക ശ്രഷ്ഠരുമായും അൽമായ നേതാക്കളുമായും ഉള്ള ബന്ധം അദ്ദേഹത്തിന് ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ഫലപ്രധമായി ഉപയോഗിക്കുവാൻ ഈ മന്ത്രി പദവി കൊണ്ട് സാധിക്കും.
കേരളത്തിൽ കോട്ടയം ജില്ലയിൽ മാത്രം ശക്തിയുള്ള വംശനാശ ഭീഷണി നേരിടുന്ന കേരള കോൺഗ്രസുകളിലെ കൊഴിഞ്ഞുപോക്ക് ബി ജെ പി വോട്ടുകൾ ആക്കി മാറ്റുവാനും കത്തോലിക്കസഭ വിശ്വാസികൂടിയായ ജോർജ് കുര്യന്റെ മന്ത്രി പദം സഹായിക്കും.
മണ്ണിന്റെ മക്കൾ പോരാട്ടത്തിലൂടെ കേരളത്തിലും പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ വലിയൊരു ശക്തിയായി മാറി കേരള രാഷ്ട്രീയത്തിലെ ഗതി വിഗതികൾ നിയന്ത്രിച്ച രാഷ്ട്രീയ ഭീഷ്‌മചര്യൻ കെ എം മാണിയുടെ രാഷ്ട്രീയ പാരമ്പര്യം നിലനിർത്തുവാൻ അദ്ദേഹത്തിന്റെ പിൻ തലമുറ പാടുപെടുമ്പോൾ ബി ജെ പി കരുത്തിൽ ജോർജ് കുര്യൻ മറ്റൊരു മാണിസാർ ആകുമോയെന്നു കാത്തിരുന്നു കാണാം.