ഇന്ന് (ജൂണ്‍ 30) ഡോക്ടേഴ്‌സ് ദിനം. എല്ലാവര്‍ഷവും ഇതേ ദിവസം, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഡോക്ടര്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ ഡോക്ടേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നു.
ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ ഡോക്ടര്‍മാരുടെ സംഭാവന വളരെ വലുതാണ്. ആരോഗ്യ പരിചരണ സേവനങ്ങള്‍ ആളുകളില്‍ എത്തിക്കുന്നതും ആരോഗ്യപരിചരണത്തിനു നേതൃത്വം നല്‍കുന്നവരും ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്. അവരുടെ ഒന്നാമത്തെയും പ്രധാനവുമായ കടമ എല്ലാ രോഗികള്‍ക്കും പരിചരണവും സുരക്ഷയും എത്തിക്കുക എന്നതാണ്. ജീവന്‍ രക്ഷിക്കുക എന്നതിനൊപ്പം രോഗികളുടെ ജീവിതാവസ്ഥയെ പുനരുദ്ധാരണം ചെയ്യുന്നതിലും ഡോക്ടര്‍ വലിയ പങ്കു വഹിക്കുന്നു.
ഒരു രോഗിയുടെ വേദന കുറയ്ക്കാനും രോഗത്തില്‍നിന്ന് വേഗം സുഖം പ്രാപിക്കാനും സഹായിക്കുന്നതിനൊപ്പം, രോഗമോ പരുക്കോ മൂലമുണ്ടാകുന്ന വൈകല്യങ്ങളെ സമചിത്തതയോടെ കണ്ട് ജീവിക്കാനും ഡോക്ടര്‍മാര്‍ അവരെ പ്രാപ്തരാക്കുന്നുണ്ട്.
ഇതു മൂലം, രോഗം സുഖപ്പെടാന്‍ സാധിക്കാതെ വന്നാലും സ്വന്തം ജീവിതം ആസ്വദിക്കുവാന്‍ രോഗികള്‍ക്കു സാധിക്കുന്നു എന്നത് അവരില്‍ വലിയ പരിവര്‍ത്തനത്തിനു കാരണമാകുന്നു. ആധുനിക മെഡിക്കല്‍ സാങ്കേതികവിദ്യയും ഡോക്ടറുടെ പരിചരണവും ടെര്‍മിനല്‍ രോഗങ്ങള്‍ ബാധിച്ച രോഗികള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നതാണ്.
അതിനിടെ ആരോഗ്യരംഗത്തെ കാവലാള്‍ എന്നും ദൈവത്തിനു തുല്യമെന്നുമൊക്കെ ഒരുവശത്ത് ഡോക്ടര്‍മാരെ വാഴ്ത്തുമ്പോഴാണ് മറുവശത്ത് ഡോ.വന്ദനാദാസിന്റെ ജീവന്‍ നഷ്ടമായതും ഡോക്ടര്‍മാര്‍ ആക്രമണത്തിനിരയാകുന്നതും നാം കാണേണ്ടതാണ്.