ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പ് നടത്തുന്ന കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സ്ആപ്പ് മുന്നിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടെലിഗ്രാമിനും ഇന്‍സ്റ്റഗ്രാമിനുമൊപ്പം വാട്ട്‌സ്ആപ്പും ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രിയപ്പെട്ട ഇടമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളും ടെലിഗ്രാമിനെതിരേ 22,680 പരാതികളും ഇന്‍സ്റ്റഗ്രാമിനെതിരേ 19,800 പരാതികളുമാണ് ലഭിച്ചത്. സൈബര്‍ തട്ടിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ ആരംഭിക്കുന്നതിന് ഗൂഗിള്‍ സേവന പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. മറ്റുരാജ്യങ്ങളില്‍ നിന്ന് ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോം സൗകര്യം നല്‍കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
‘‘പന്നി കശാപ്പ് കുംഭകോണം അല്ലെങ്കില്‍ നിക്ഷേപ കുംഭകോണം എന്നറിയപ്പെടുന്ന ഈ തട്ടിപ്പ് ഒരു ആഗോള പ്രതിഭാസമാണ്. വന്‍തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലും സൈബര്‍ സൈബര്‍ അടിമത്തവും ഇതിന്റെ പിന്നില്‍ നടക്കുന്നു. തൊഴിലില്ലാത്ത യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, പാവപ്പെട്ട ആളുകള്‍ എന്നിവരെയാണ് ഇത് ലക്ഷ്യമിടുന്നത്. ഇവരില്‍ നിന്ന് വലിയ തോതിലുള്ള പണമാണ്(കടം വാങ്ങിയത് പോലും) ദിവസവും നഷ്ടമാകുന്നത്,’’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍(I4C) ഗൂഗിളുമായും ഫെയ്‌സ്ബുക്കുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ വായ്പാ ആപ്പുകളും അതിന്റെ പ്രവര്‍ത്തനങ്ങളും കണ്ടെത്തുന്നതിനും തട്ടിപ്പുകാര്‍ ഗൂഗിളിന്റെ ഫയര്‍ബേസ് ഡൊമെയ്‌നുകള്‍ ദുരുപയോഗം ചെയ്യുന്നതുപോലെയുള്ള തട്ടിപ്പുകളെ സംബന്ധിച്ച രഹസ്യവിവരങ്ങളും സിഗ്നലുകളും കൈമാറുന്നതിനുവേണ്ടിയാണ് സഹകരണം.
ഇന്ത്യയില്‍ നിയമവിരുദ്ധമായി വായ്പ നല്‍കുന്ന ആപ്പുകള്‍ തുടങ്ങുന്നതിന് സൈബര്‍ കുറ്റവാളികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അത്തരം ലിങ്കുകൾ മുന്‍കൂട്ടി തിരിച്ചറിയുകയും അവ ഫെയ്‌സ്ബുക്കിന് പങ്കിടുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൈബര്‍ സുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ അന്വേഷണം, ഡിജിറ്റല്‍ ഫൊറന്‍സിക് എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗങ്ങളായ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, ഫൊറന്‍സിക് വിദഗ്ധർ, പ്രോസിക്യൂട്ടര്‍മാര്‍, ജഡ്ജിമാര്‍ എന്നിവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് I4C ശ്രമിക്കുന്നുണ്ട്.