കർണാടകയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് (HMPV) സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി ഏകദേശം 1.4 ശതമാനം ഇടിഞ്ഞു. കനത്ത വിൽപന സമ്മർദം വിവിധ മേഖലകളില്‍ പ്രകടമാണ്. നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകളിലും വിവിധ മേഖലകളിലും വ്യാപകമായ വിൽപന സമ്മർദം കണ്ടതോടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ VIX 13% വർധനവുണ്ടായി. ബിഎസ്ഇ ബെഞ്ച്മാർക്ക് 1,263.16 പോയിന്റ് (1.59%) ഇടിഞ്ഞ് 77,959.95 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റിയും 403.25 പോയിന്റ് (1.67 %) ഇടിഞ്ഞ് 23,601.50 എന്ന താഴ്ന്ന നിലയിലെത്തി.
വിപണിയിലെ വ്യാപകമായ ദൗർബല്യം പ്രതിഫലിപ്പിച്ചുകൊണ്ട് എല്ലാ മേഖലകളും വിൽപന സമ്മർദം നേരിട്ടതോടെ നിഫ്റ്റി മെറ്റൽ സൂചിക 2.66%വും നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 3.35%വും നിഫ്റ്റി ഓട്ടോ സൂചിക 1.68%വും ഇടിവ് രേഖപ്പെടുത്തി.
യുഎസ് ഡോളർ കരുത്താർജിച്ചതും ഉയർന്ന സ്റ്റോക്ക് മൂല്യ നിർണയവും കാരണം ഉത്തേജിതമായ സെൽ ഓൺ റാലി സെന്റിമെന്റ് നിലനില്‍ക്കുന്നതിനാൽ മൂന്നാം വാരം വരെ വിപണികൾ ദിശാരഹിതമായി തുടരുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
പരസ്യം ചെയ്യൽ
‘ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ ഓഹരി വിപണിയിലെ ഇടിവിന് കാരണമായി ബാഹ്യ മാക്രോ ഇക്കണോമിക് ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നു. “ഡോളർ സൂചിക 109ലും 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് 4.62%ലും ഉള്ളതിനാൽ, ആഗോള പരിസ്ഥിതി പ്രതികൂലമായി തുടരുന്നു. ഈ ഘടകങ്ങൾ സുസ്ഥിരമാകുന്നതുവരെ എഫ്ഐഐകൾ വിൽപന തുടരാൻ സാധ്യതയുണ്ട്’ അദ്ദേഹം വ്യക്തമാക്കി.
വിപണിയിലെ ഇന്നത്തെ ഇടിവിന് കാരണമായ ഘടകങ്ങൾ
കോർപ്പറേറ്റ് വരുമാനവും വരാനിരിക്കുന്ന പാദവാർഷിക ഫലങ്ങള്‍ ട്രാക്കുചെയ്യുന്നതിലും നിക്ഷേപകർ ഇതിനകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതുപോലെ തന്നെ നിലവിലുള്ള ജിയോപൊളിറ്റിക്കൽ സംഭവവികാസങ്ങളും, ഇന്ത്യയിലെ എച്ച്എംപിവി കേസുകളുടെ വാർത്തകളും വിപണിയിലെ മാന്ദ്യത്തിന് ഒരു അപ്രതീക്ഷിത ട്രിഗറായി മാറി.
കർണാടകയിൽ രണ്ട് എച്ച്എംപിവി കേസുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് കുഞ്ഞുങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഒന്ന് സുഖം പ്രാപിച്ചതിന് ശേഷം ഡിസ്ചാർജായ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും മറ്റൊന്ന് സുഖം പ്രാപിച്ചുവരുന്ന 8 മാസം പ്രായമുള്ള ആൺകുഞ്ഞും.
തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ രണ്ട് കേസുകളും കണ്ടെത്തിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രാലയം ഉറപ്പ് നൽകി. ഇൻഫ്ലുവൻസ വൈറസ്, ആർഎസ്‌വി, എച്ച്എംപിവി എന്നിവ പോലുള്ള സാധാരണ രോഗാണുക്കളാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്നും ഫ്ലൂ സീസണുമായി ബന്ധപ്പെട്ട ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മുൻകരുതൽ എന്ന നിലയിൽ, മന്ത്രാലയം എച്ച്എംപിവി ടെസ്റ്റിംഗ് വിപുലീകരിക്കാൻ പദ്ധതിയിടുന്നു. കൂടാതെ ഇന്ത്യയിലെ സാഹചര്യം വർഷം മുഴുവനും നിരീക്ഷിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തു.