Wednesday, April 2, 2025

HomeBusinessദമ്പതികള്‍ക്ക് ജോയിന്റ് നികുതി സംവിധാനം! വരാനിരിക്കുന്ന കേന്ദ്രബജറ്റിലെ പുതിയ നികുതിമാറ്റങ്ങള്‍

ദമ്പതികള്‍ക്ക് ജോയിന്റ് നികുതി സംവിധാനം! വരാനിരിക്കുന്ന കേന്ദ്രബജറ്റിലെ പുതിയ നികുതിമാറ്റങ്ങള്‍

spot_img
spot_img

2025ലെ കേന്ദ്രബജറ്റില്‍ നികുതിയുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ പ്രധാനമാണ് വിവാഹിതരായ ദമ്പതികള്‍ക്കായുള്ള ജോയിന്റ് നികുതി സംവിധാനം (joint taxation). പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ദമ്പതികള്‍ക്ക് സംയുക്തമായി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാന്‍ അനുവാദം നല്‍കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ)നിര്‍ദേശം മുന്നോട്ടുവെച്ചു. ഈ തീരുമാനം ഏക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും കരുതുന്നു.

അമേരിക്ക, യുകെ പോലെയുള്ള വികസിത രാജ്യങ്ങളില്‍ ഈ നികുതി സമ്പ്രദായം പ്രചാരത്തിലുണ്ട്. ഈ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തികസമ്മര്‍ദ്ദം കുറയുമെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോയിന്റ് നികുതി സമ്പ്രദായത്തിലെ നികുതി സ്ലാബുകളെപ്പറ്റിയും ഐസിഎഐ മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിര്‍ദേശപ്രകാരം ആറ് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 6 മുതല്‍ 14 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതിയും, 14 മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതിയും, 20 മുതല്‍ 24 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം നികുതിയും ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ 24 നും 20 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 20 ശതമാനം നികുതിയും, 30 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതിയും നല്‍കണം. ഈ നികുതി സമ്പ്രദായത്തിന് കീഴില്‍ ദമ്പതികളുടെ അടിസ്ഥാന ഇളവ് പരിധി 6 ലക്ഷം രൂപയായി കണക്കാക്കിയിരിക്കുന്നു.

ജോയിന്റ് നികുതി സമ്പ്രദായം കുടുംബങ്ങള്‍ക്ക് ഗുണകരമാകുന്നത് എങ്ങനെ?

കുറഞ്ഞ നികുതി നിരക്കും ഉയര്‍ന്ന ഇളവ് പരിധികളും പ്രദാനം ചെയ്യുന്ന ഈ നികുതി സമ്പ്രദായം ഏക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളുടെ നികുതിബാധ്യത കുറയ്ക്കാനും ഈ സംവിധാനം വഴിയൊരുക്കുന്നു.

ഐസിഎഐയുടെ നിര്‍ദേശം രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഡോ സുരേഷ് സുറാന പറഞ്ഞു. നികുതിദായകര്‍ക്ക് സെക്ഷന്‍ 115 ബിഎസി പ്രകാരം 2.5 ലക്ഷം രൂപ ഇളവ് പരിധിയോ പുതുക്കിയ സമ്പ്രദായപ്രകാരമുള്ള 3 ലക്ഷം രൂപ ഇളവ് പരിധിയോ തിരഞ്ഞെടുക്കാം. അതേസമയം വരുമാനമുള്ള ദമ്പതികള്‍ക്ക് ഇതിലൂടെ വ്യക്തിഗത പ്രയോജനവും ലഭിക്കും.

ജോയിന്റ് നികുതി സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയിലെ നികുതി സമ്പ്രദായത്തില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലളിതമായ നികുതി സമ്പ്രദായത്തിലൂടെ രാജ്യത്തെ കുടുംബങ്ങളെ പിന്തുണയ്ക്കാനും അവരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും സാധിക്കും. കൂടാതെ നികുതി കൃത്യമായി ഒടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഈ നികുതി സമ്പ്രദായം ഇടം പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments