ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരായ വെളിപ്പെടുത്തലുകളിലൂടെ ആഗോള ശ്രദ്ധ നേടിയ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ അറിയിച്ചു.
ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്ന് 40കാരനായ നേറ്റ് ആൻഡേഴ്സൺ കുറിപ്പിൽ പറഞ്ഞു. ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കി. പ്രവർത്തനം നിർത്താനുള്ള തീരുമാനം നേരത്തെ എടുത്തതാണ്. ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണെന്നും ആൻഡേഴ്സൺ പറഞ്ഞു. അതേസമയം, സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഇത്തരമൊരു സ്ഥാപനത്തിന് തുടക്കമിട്ടത് ഏറെ ശ്രമകരമായിരുന്നുവെന്ന് ആൻഡേഴ്സൺ പറയുന്നു. മികച്ച ഒരു ടീം ഒപ്പമുണ്ടായിരുന്നു. നിയമപരമായ പിന്തുണ പലരിൽ നിന്നും ലഭിച്ചു. ഉലയ്ക്കേണ്ടതായ സാമ്രാജ്യങ്ങളെ ഉലയ്ക്കാനായി. ഹിൻഡൻബർഗിനെ തന്‍റെ ജീവിതത്തിലെ ഒരു അധ്യായമായി കാണുകയാണ്. വ്യക്തിപരമായ പ്രശ്നങ്ങളോ ആരോഗ്യ കാരണങ്ങളോ ഭീഷണിയോ മറ്റ് കാരണങ്ങളോ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതിന് പിന്നിലില്ലെന്നും ആൻഡേഴ്സൺ പറഞ്ഞു.
2017ലാണ് ഹിൻഡൻബർഗ് പ്രവർത്തനം ആരംഭിച്ചത്. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിപണിയിൽ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിൻഡൻബർഗിന്റെ രീതി. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഹിൻഡൻബര്‍ഗ് പ്രസിദ്ധീകരിച്ചിരുന്നു. അദാനി കമ്പനികൾ വിദേശത്തെ ഷെൽ കമ്പനികൾ വഴി ഓഹരിവില പെരുപ്പിച്ച് കാട്ടി അഴിമതി നടത്തിയെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തു.
2023 ജനുവരിയിൽ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇന്ത്യൻ ഓഹരി വിപണിയിൽ കൂപ്പുകുത്തലിന് കാരണമായിരുന്നു.