Monday, March 31, 2025

HomeBusinessസൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒരു ദിവസം കൊണ്ടു പോകുന്നത് ഒരു കോടി; മൂന്ന് വർഷത്തിൽ...

സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒരു ദിവസം കൊണ്ടു പോകുന്നത് ഒരു കോടി; മൂന്ന് വർഷത്തിൽ പോയത് 1021 കോടി

spot_img
spot_img

തിരുവനന്തപുരം: കേരളത്തില്‍ സൈബര്‍ തട്ടിപ്പുകളിലൂടെ ഒരു ദിവസം നഷ്ടപ്പെടുന്നത് ഒരു കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ 1000 കോടിയിലധികം രൂപ കൊയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2022നും 2024നും ഇടയില്‍ സംസ്ഥാനത്ത് നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 1021 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് നിന്ന് 763 കോടിരൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. 2022ല്‍ സൈബര്‍ തട്ടിപ്പുകളിലൂടെ മലയാളികള്‍ക്ക് 48 കോടിരൂപയാണ് നഷ്ടപ്പെട്ടത്. 2023ല്‍ അത് 210 കോടിയായി ഉയര്‍ന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024ല്‍ സംസ്ഥാനത്ത് 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിലും കൂടുതല്‍ പേര്‍ക്ക് വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയില്‍ നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. നഷ്ടത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല കൂടിയാണ് എറണാകുളം. പട്ടികയില്‍ തൊട്ടുപിന്നിലാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. 2024ല്‍ 114 കോടിരൂപയാണ് സൈബര്‍ തട്ടിപ്പുകളിലൂടെ തിരുവനന്തപുരത്ത് നിന്ന് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറ്റവും കുറവ് നടന്നത് വയനാട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 9.2 കോടി രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വയനാട് ജില്ലയില്‍ നിന്നും തട്ടിപ്പുകാര്‍ നേടിയത്.

2022 മുതല്‍ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയില്‍ ഏകദേശം 149 കോടിരൂപ അധികൃതര്‍ കണ്ടെത്തി. 2024ലാണ് ഇതില്‍ ഭൂരിഭാഗം തുകയും വീണ്ടെടുത്തത്. ഇക്കാലയളവില്‍ 76,000 തട്ടിപ്പ് പണമിടപാടുകള്‍ പൊലീസ് മരവിപ്പിച്ചു. അതിലൂടെ 107.44 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. 2022-ല്‍ 4.38 കോടി രൂപയും 2023ല്‍ 37.16 കോടിരൂപയുമാണ് പൊലീസ് തിരിച്ചുപിടിച്ചത്.

തട്ടിപ്പിനിരയായവരുടെ പശ്ചാത്തലവും പൊലീസിലെ സൈബര്‍ വിഭാഗം വെളിപ്പെടുത്തി. സൈബര്‍ തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗം പേരും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍, വീട്ടമ്മമാര്‍, ബിസിനസുകാര്‍ എന്നിവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ തട്ടിപ്പിനിരയായവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. കൂടാതെ ഓണ്‍ലൈന്‍ ട്രേഡിംഗ്, ഫെഡെക്‌സ് രീതിയിലുള്ള തട്ടിപ്പ്, വായ്പ തട്ടിപ്പ് എന്നിവയുടെയെല്ലാം പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം ഇരകളില്‍ നിന്ന് പണം വാങ്ങിയിരുന്നത്.

2024ല്‍ ഓണ്‍ലൈന്‍ തട്ടിപ്പിനായി ഉപയോഗിച്ച 50,000 സ്മാര്‍ട്ട്‌ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പൊലീസ് കരിമ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമായെന്ന് കണ്ടെത്തിയ 19000 സിം കാര്‍ഡുകള്‍, 31,000 വെബ്‌സൈറ്റുകള്‍, 23000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും ബ്ലോക്ക് ചെയ്തു. ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ ചില നയമാറ്റങ്ങളും സാങ്കേതിക ഇടപെടലുകളും നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റിസര്‍വ് ബാങ്കിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്തയയ്ക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ ജാഗ്രത തട്ടിപ്പ് തടയാന്‍ സഹായിക്കും

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബാങ്കുകളുടെ കറന്റ് അക്കൗണ്ടുകളുടെ അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. കൂടാതെ ഒരു അക്കൗണ്ടില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രത ഇത്തരം തട്ടിപ്പുകള്‍ തടയുന്നതില്‍ വളരെയധികം സഹായിക്കുമെന്ന് ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

’’ ഈ വിഷയത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം ശക്തമാക്കിയിരുന്നു. അതിനുശേഷം സമീപകാലത്തായി സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അല്‍പം കുറഞ്ഞിട്ടുണ്ട്,’’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ ടെലികോം ഓപ്പറേറ്റര്‍മാര്‍ സൈബര്‍ ക്രൈം ബോധവല്‍ക്കരണ കോളര്‍ ട്യൂണുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അതെല്ലാം ജനങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ തട്ടിപ്പ് കോളുകളില്‍പ്പെടുന്നവര്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് തങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യണം. പൊതുജനങ്ങളുടെയും അധികാരികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി.

2024ല്‍ സൈബര്‍ തട്ടിപ്പിലൂടെ ഓരോ ജില്ലയില്‍ നിന്നും നഷ്ടമായ തുക

എറണാകുളം- 174 കോടിരൂപ

തിരുവനന്തപുരം – 114.9 കോടിരൂപ

തൃശൂര്‍ – 85.74 കോടിരൂപ

കോഴിക്കോട് – 60 കോടിരൂപ

മലപ്പുറം – 52.5 കോടിരൂപ

കണ്ണൂര്‍ – 47.74 കോടിരൂപ

പാലക്കാട് – 46 കോടിരൂപ

കൊല്ലം – 40.78 കോടിരൂപ

ആലപ്പുഴ – 39 കോടിരൂപ

കോട്ടയം – 35.67 കോടിരൂപ

പത്തനംതിട്ട – 24 കോടിരൂപ

കാസര്‍കോട് – 17.63 കോടിരൂപ

ഇടുക്കി – 15.23 കോടിരൂപ

വയനാട് – 9 കോടിരൂപ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments