ബംഗളൂവില്‍ തിരക്കേറിയ റോഡിലൂടെ കാർ ഓടിക്കുന്നതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച സ്ത്രീയെ പോലീസ് പിടികൂടി. യുവതിയിൽനിന്ന് നിന്ന് പോലീസ് 1000 രൂപ പിഴയീടാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് പിഴ ഇടാക്കിയത്. വാഹനം ഓടിക്കുന്നതിനിടെ ലാപ് ടോപ്പ് ഉപയോഗിച്ച സ്ത്രീയുടെ വീഡിയോ വൈറലാകുകയും പിന്നാലെ പോലീസ് ഇവരെ തേടിയെത്തുകയുമായിരുന്നു. ജോലിയില്‍ കൃത്യ സമയത്ത് ലോഗ് ഇന്‍ ചെയ്യാനാണ് യുവതി ലാപ് ടോപ് ഉപയോഗിച്ചത്. ‘‘വാഹനമോടിക്കുമ്പോള്‍ ജോലി ചെയ്യുക. വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ജോലി ചെയ്യുകയെന്നും’’ പോലീസ് അവരോട് നിര്‍ദേശിച്ചു. അതേസമയം ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് യുവതിക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കാമറയിൽ കുടുങ്ങി
വാഹനമോടിക്കുന്നതിനിടെ സ്ത്രീ ലാപ്‌ടോപ്പ് മടിയില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നത് അപ്പോള്‍ സമീപത്തുകൂടി പോയ കാർ യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. യുവതി ഓടിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെയുള്ള വീഡിയോ അവര്‍ ചിത്രീകരിക്കുകയും ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഇത് എവിടെ വെച്ചാണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും പെട്ടെന്ന് തന്നെ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു.
വേഗത്തില്‍ പോലീസ് നടപടി
യുവതിയുടെ വിലാസം പോലീസ് ഉടൻ തന്നെ കണ്ടെത്തുകയും പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. ‘‘ഇന്ന് അവര്‍ പോലീസ് സ്‌റ്റേഷനില്‍ വന്നു. വൈറലായ വീഡിയോ ഞങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത് അവള്‍ക്കും റോഡിലെ മറ്റ് യാത്രക്കാര്‍ക്കും എത്ര അപകടകരമാണെന്ന് ഞങ്ങള്‍ അവർക്ക് മനസ്സിലാക്കി കൊടുത്തു,’ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
ബിടിഎം ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ആര്‍ടി നഗറിലെ വീട്ടിലേക്ക് വാഹനം ഓടിച്ച് പോകുകയായിരുന്നുവെന്നും അവര്‍ പോലീസിനോട് പറഞ്ഞു. ജോലിക്ക് കൃത്യ സമയത്ത് ലോഗിന്‍ ചെയ്യേണ്ടതുണ്ടെന്നും ഉടന്‍ വീട്ടിലെത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിനാലാണ് വാഹനത്തിൽവെച്ച് ലാപ്‌ടോപ്പ് ഓണാക്കിയതെന്നും അവര്‍ പോലീസിനെ അറിയിച്ചു.
സോഷ്യല്‍ മീഡിയയുടെ പ്രതികരണം
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ജീവന്‍ അപകടത്തിലാക്കി വാഹനം ഓടിച്ചതിന് നിരവധിപേര്‍ അവരെ കുറ്റപ്പെടുത്തി. അതേസമയം, യുവതിയുടെ തൊഴില്‍ ഉടമയ്ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ 70 മണിക്കൂറും 90 മണിക്കൂറും ജോലി ചെയ്യണമെന്ന നിർദേശത്തിന്റെ ഫലമാണിത്. വിവാഹിതരായ സ്ത്രീകള്‍ക്കെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കണം. കൃത്യ സമയത്ത് ജോലിക്ക് കയറുന്നതിനായാണ് ഇവിടെ അവര്‍ അങ്ങനെ ചെയ്തത്. സ്വതന്ത്ര മനസ്സോടെ വീട്ടുജോലികള്‍ ചെയ്യാനും കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനുമുള്ള ആഗ്രഹത്താലാകണം അവര്‍ അങ്ങനെ ചെയ്തത്. പക്ഷേ വാഹനം ഓടിക്കുമ്പോള്‍ ജോലി ചെയ്യാന്‍ പാടില്ല,’’ സഞജയ് എന്ന എക്‌സ് ഉപയോക്താവ് പറഞ്ഞു.
അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ജോലി ചെയ്ത സ്ത്രീയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് മറ്റൊരാള്‍ ചോദിച്ചു.