അസമിന്റെ വികസനത്തിനായി അഞ്ചിന കര്‍മപദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി. ചൊവ്വാഴ്ച ആരംഭിച്ച ‘Advantage Assam’ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് Advantage Assam 2.0 ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 25 മുതല്‍ 26വരെയാണ് ഉച്ചകോടി നടക്കുന്നത്. കേന്ദ്രമന്ത്രിമാരും 60ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. അസമിന്റെ നിക്ഷേപസാധ്യതകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി നടത്തുന്നത്. അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അസമിലെ നിക്ഷേപം 50,000 കോടിയാക്കി ഉയര്‍ത്തുമെന്നും അംബാനി പറഞ്ഞു.
അസമില്‍ റിലയന്‍സ് പ്രാധാന്യം നല്‍കുന്ന അഞ്ച് മേഖലകള്‍
1. അസമിനെ ടെക്‌നോളജി സൗഹൃദവും എഐ സൗഹൃദവുമാക്കുക: ‘ജിയോയിലൂടെ അസമിനെ 5ജിയിലേക്ക് എത്തിക്കാന്‍ സാധിച്ചു. ജിയോയെ ഹൃദയത്തിലേറ്റിയ അസമിലെ ജനങ്ങളോട് നന്ദി പറയുന്നു. ലോകോത്തര കണക്ടിവിറ്റി സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം ഇപ്പോഴിതാ ഞങ്ങള്‍ മികച്ച നിലവാരമുള്ള കംപ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. റിലയന്‍സ് അസമില്‍ ഒരു എഐ റെഡി ഡേറ്റ സെന്റര്‍ സ്ഥാപിക്കും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് എഐ അധിഷ്ടിത അധ്യാപകരുടെ സേവനം ലഭിക്കും. രോഗികള്‍ക്ക് എഐ അധിഷ്ടിത ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. കര്‍ഷകര്‍ക്കും എഐ സാങ്കേതികവിദ്യയിലൂടെ കാര്‍ഷികരംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. വീട്ടിലിരുന്ന് പഠിച്ച് വരുമാനം നേടാന്‍ അസമിലെ യുവാക്കള്‍ക്ക് സാധിക്കുകയും ചെയ്യും,’’ അംബാനി പറഞ്ഞു.
2. അസമിനെ ഹരിതോര്‍ജ കേന്ദ്രമാക്കുക: ‘അസമിലെ തരിശായി കിടക്കുന്ന ഭൂമികളില്‍ ബയോഗ്യാസ്, സിബിജി എന്നിവയുടെ രണ്ട് ലോകോത്തര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ രണ്ട് ലക്ഷം കാറുകള്‍ക്ക് ഇന്ധനം നല്‍കുന്നതിനായി 8 ലക്ഷം ടണ്‍ ബയോഗ്യാസ് ഉത്പാദിക്കാന്‍ സാധിക്കും,’’ അംബാനി പറഞ്ഞു.
3.ദേശീയ-അന്താരാഷ്ട്ര വിപണികളിലേക്ക് ഭക്ഷ്യ-ഭക്ഷ്യേതര ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന് അസമിനെ സഹായിക്കും; ’ അസമിലെ കാര്‍ഷിക-ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനായി മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാമ്പ കോളയ്ക്കായി (campa cola) ഇതിനകം ലോകോത്തര നിലവാരത്തിലുള്ള ബോട്ടിലിംഗ് പ്ലാന്റ് അസമില്‍ സ്ഥാപിച്ചിട്ടുണ്ട്,’’ അംബാനി കൂട്ടിച്ചേര്‍ത്തു.
4. നിലവില്‍ സംസ്ഥാനത്തെ റിലയന്‍സ് റിടെയ്ല്‍ സ്റ്റോറുകളുടെ എണ്ണം 400 ആണ്. ഇത് 800 ആയി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
5. കൂടാതെ അസമിന്റെ ഹൃദയഭാഗത്ത് സെവന്‍ സ്റ്റാര്‍ ഒബ്‌റോയ് ഹോട്ടല്‍ സ്ഥാപിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഈ അഞ്ചിന കര്‍മപദ്ധതികളിലൂടെ സംസ്ഥാനത്തെ പതിനായിരണക്കിനാളുകള്‍ക്ക് ജോലി ലഭിക്കുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഫൗണ്ടേഷന് കീഴില്‍ നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹം വിശദമാക്കി.
’’ കല-കരകൗശലനിര്‍മാണം എന്നിവയില്‍ മഹത്തായ പാരമ്പര്യമുള്ള സംസ്ഥാനമാണ് അസം. ഏറ്റവും കൂടുതല്‍ മുള ഉത്പാദിക്കുന്ന സംസ്ഥാനമാണിത്. അസമിലെ സില്‍ക്ക് വ്യവസായകേന്ദ്രമായ സുവല്‍കുച്ചിയുടെ വികസനത്തിനായുള്ള പദ്ധതികളും ആരംഭിക്കും. ഇതില്‍ സംസ്ഥാനസര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും,’’ അംബാനി പറഞ്ഞു.