ഗ്ലോബല്‍ ടോപ് എംപ്ലോയറായ ഇന്ത്യൻ കമ്പനി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്). ടോപ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പട്ടികയിലാണ് ടിസിഎസ് ഇത്തവണയും സ്ഥാനമുറപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി 9-ാം തവണയാണ് ടിസിഎസ് ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ’’ ടിസിഎസിലെ ജീവനക്കാരുടെ കഴിവും വികസന പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഗ്ലോബല്‍ എംപ്ലോയര്‍ പദവിയിലേക്ക് കമ്പനിയെ എത്തിച്ചു,’’ ടിസിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വൈവിധ്യമാർന്ന തൊഴിലാളി പ്രാതിനിധ്യമുള്ള കമ്പനിയാണ് ടിസിഎസ്. 55 രാജ്യങ്ങളിലായി 6,03,305 ജീവനക്കാര്‍ കമ്പനിയ്ക്ക് കീഴില്‍ പ്രവര്‍ത്തിന്നുണ്ട്. ആകെ ജീവനക്കാരില്‍ 35.7 ശതമാനം പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ പറഞ്ഞു. ’’ ടിസിഎസ് മികച്ച തൊഴില്‍ദാതാവാണെന്ന കാര്യം തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി ഗ്ലോബല്‍ ടോപ്പ് എംപ്ലോയര്‍ ആയി കമ്പനി നിലനില്‍ക്കുന്നു. ടിസിഎസിന്റെ വ്യക്തമായ വീക്ഷണത്തിന്റെ ഫലമാണിത്. തൊഴിലുടമയും ജീവനക്കാരും മികച്ച പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്,’’ എന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് പ്ലിംഗ് പറഞ്ഞു.
ആറ് എച്ച്ആര്‍ ഡൊമെയ്‌നുകളും 20ലധികം മേഖലകളും വിശദമായി വിശകലനം ചെയ്ത ശേഷമാണ് കമ്പനിയെ മികച്ച തൊഴില്‍ദാതാവായി തെരഞ്ഞെടുത്തത്. തൊഴില്‍ അന്തരീക്ഷം, വൈവിധ്യം, ടാലന്റ് അക്വിസിഷന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിശദമായി നിരീക്ഷിച്ചിരുന്നു. എല്ലാ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ടിസിഎസിന് സാധിച്ചിട്ടുണ്ട്. ’’ ടോപ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബല്‍ ടോപ് എംപ്ലോയര്‍ പദവി ലഭിച്ചത് ഒരു വലിയ അംഗീകാരമായി കണക്കാക്കുന്നു. തുടര്‍ച്ചയായ 9-ാം വര്‍ഷവും ഈ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്’’ കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറായ മിലിന്ദ് ലക്കാഡ് പറഞ്ഞു.