ഒരു ദിവസത്തെ ഇന്റേൺഷിപ്പിന് മൂന്ന് ലക്ഷം രൂപ സ്റ്റൈപെൻഡ് പ്രഖ്യാപിച്ച് ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ ബ്രിട്ടാനിയ. മാർച്ച് 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. തങ്ങളുടെ ഓഫീസിൽ ക്രൊസാന്റ് (Croissant) എന്ന പദം തെറ്റായി ഉച്ചരിക്കുന്നവരെ തിരുത്തുക എന്ന ജോലി മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നയാൾ ചെയ്യേണ്ടതെന്ന് ബ്രിട്ടാനിയ അധികൃതർ അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക് ബ്രിട്ടാനിയ ക്രൊസാന്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലഭ്യമാണ്. 18 വയസ്സിന് മുകളിലുള്ള ആർക്കും ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം. ഫ്രഞ്ച് ഭക്ഷണമായ ക്രൊസാന്റ് ഇന്ത്യക്കാർക്കിടയിൽ ഏറെ ജനപ്രിയമാണ്. ഫ്രഞ്ച് പദമായതുകൊണ്ട് തന്നെ ക്രൊസാന്റ് എന്ന വാക്ക് ഫ്രഞ്ചുകാരെപ്പോലെ ഉച്ചരിക്കാൻ ഏറെ പ്രയാസമാണ്. ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നയാൾ ബ്രിട്ടാനിയയുടെ ഓഫീസ് ജീവനക്കാരെ ക്രൊസാന്റിന്റെ ശരിയായ ഉച്ചാരണം പഠിപ്പിക്കണം.
ബ്രിട്ടാനിയയുടെ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുകയാണ് രജിസ്ട്രേഷന്റെ ആദ്യ പടി. വാട്സ്ആപ്പിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ശേഷം ബ്രിട്ടാനിയ ക്രൊസാന്റിന്റെ ഇൻസ്റ്റഗ്രാം പേജിൽ എത്തുകയും പേജ് ഫോളോ ചെയ്യുകയും വേണം. പിന്നീട് എന്തുകൊണ്ടാണ് ഇന്റേൺഷിപ്പിലേക്ക് നിങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതിനുള്ള ഉത്തരം അതുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ കമന്റായി രേഖപ്പെടുത്തുകയും വേണം.
ഒരു ദിവസം മാത്രം നീളുന്ന ഈ ഇന്റേൺഷിപ്പിന് 3 ലക്ഷം രൂപയാണ് സ്റ്റൈപെൻഡായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൊസാന്റ് പൊതുവെ സമ്പന്നർ മാത്രം വാങ്ങുന്ന ഒരു ലഘു ഭക്ഷണമാണെന്ന ധാരണ സമൂഹത്തിൽ നില നിൽക്കുന്നുണ്ടെന്നും എന്നാൽ എല്ലാവരിലേക്കും അത് എത്തിക്കുന്നതിനായാണ് ഇത്തരമൊരു ഇന്റേൺഷിപ്പ് നടത്തുന്നതെന്നും പരിപാടിയുടെ സംഘാടക സ്ഥാപനമായ യംഗൺ (Youngun) സ്ഥാപകരിലൊരാളായ അമൻ ഹുസൈൻ പറഞ്ഞു.