ഫിനാന്‍സ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയെ അടുത്ത സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മേധാവിയായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച നിയമിച്ചു. നിലവിലെ മേധാവി മാധബി പുരി ബുച്ചിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പാണ്ഡെയുടെ നിയമനം.
ധനകാര്യ സെക്രട്ടറിയും റവന്യൂ വകുപ്പിന്റെ സെക്രട്ടറിയുമായ പാണ്ഡെയെ സെബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് കേന്ദ്രമന്ത്രി സഭയുടെ നിയമന സമിതി അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പുതിയ സെബി മേധാവിയെക്കുറിച്ച്
1987 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് പാണ്ഡെ. ഒഡീഷ കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ടിവി സോമനാഥൻ കാബിനറ്റ് സെക്രട്ടറിയായതിനെ തുടര്‍ന്ന് 2024 സെപ്റ്റംബറിലാണ് അദ്ദേഹം ധനകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. ചണ്ഡീഗഢിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി.
ധനകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റില്‍(ഡിഐപിഎഎം) സെക്രട്ടറിയായിരുന്നു. 2019ല്‍ ഡിഐപിഎഎമ്മില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒഡീഷ സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
ഡിഐപിഎഎമ്മില്‍ സെക്രട്ടറിയായി സേവനം ചെയ്യുന്നതിന് മുമ്പ് അദ്ദേഹം കേന്ദ്രസര്‍ക്കാരിലും ഒഡീഷ സര്‍ക്കാരിലും നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ വില്‍പ്പന വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും ദേശീയ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ(എല്‍ഐസി) ലിസ്റ്റിംഗിന് മേല്‍നോട്ടം വഹിച്ചതും തുഹിന്‍ കാന്ത പാണ്ഡെയാണ്.
കേന്ദ്രസര്‍ക്കാരിലെ തന്റെ സേവനകാലത്ത് പ്ലാനിംഗ് കമ്മിഷന്‍(ഇപ്പോള്‍ നീതി ആയോഗ്) ജോയിന്റെ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ പാണ്ഡെ വഹിച്ചു.
ഒഡീഷ സര്‍ക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ആരോഗ്യം, പൊതുഭരണം, വാണിജ്യ നികുതി, ഗതാഗതം എന്നീ വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒഡീഷ സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറായും ഒഡീഷ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.