വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താര്‍ജിച്ച് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ 85 രൂപയില്‍ താഴെയാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും തീരുവ മൂലം യു.എസ് സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുമാണ് രൂപക്ക് കരുത്തായത്.
2024 ഡിസംബറിന് ശേഷം ഇതാദ്യമായാണ് രൂപ ഇത്രയും നേട്ടം രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 85.04ലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 84.99ലേക്ക് രൂപയും മൂല്യം വീണ്ടും മെച്ചപ്പെട്ടു. 40 പൈസയുടെ നേട്ടമാണ് രൂപക്ക് ഉണ്ടായത്.അതേസമയം, യു.എസ് തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഇടിയുകയാണ്. പ്രധാനപ്പെട്ട ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി.
എണ്ണവിലയിലുണ്ടായ വന്‍ കുറവാണ് രൂപ കരുത്താര്‍ജിക്കാനുള്ള പ്രധാനകാരണം. എണ്ണവില ബാരലിന് 69.64 ഡോളറായി ഇടിഞ്ഞിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ ഇറക്കുമതിയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് എണ്ണവില രൂപയുടെ മൂല്യത്തേയും സ്വാധീനിക്കും.
പുതു വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്നത്.
49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേല്‍ 34 ശതമാനവും യുറോപ്യന്‍ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനമാണ് തീരുവ.