മുംബൈ: ആഗോളതലത്തില്‍ വ്യാപാര രംഗത്ത് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. കമ്പനി മേധാവി കാള്‍ പേയ് തന്നെയാണ് എക്‌സില്‍ ഒരു പരിപാടിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്.
താരിഫ് പ്ലാനുകള്‍ ടെക്ക് വ്യവസായത്തേയും ആത്യന്തികമായി നത്തിങിനെയും ബാധിക്കുമെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്. ‘ആര്‍ക്കറിയാം, കാര്യങ്ങള്‍ ദിവസേനയെന്നോണം മാറുകയല്ലേ’ എന്നായിരുന്നു കാള്‍ പേയുടെ മറുപടി. അത്തരത്തിലുള്ള ആഘാതത്തെ മറികടക്കാന്‍ നത്തിങ് എന്താണ് ആസൂത്രണം ചെയ്യുന്നത് എന്ന ചോദ്യത്തിനാണ്, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് അദ്ദേഹം മറുപടി നല്‍കിയത്.
നത്തിങ് ഫോണുകള്‍ക്കും, നത്തിങിന്റെ സബ് ബ്രാന്റായ സിഎംഎഫ് ഡിവൈസുകള്‍ക്കും വലിയ സ്വീകാര്യതയുള്ള വിപണിയാണ് ഇന്ത്യ. തുടക്കം മുതല്‍ തന്നെ ഇന്ത്യയില്‍ നിന്ന് കമ്പനി ഉത്പാദനം നടത്തുന്നുണ്ട്. ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ തുടങ്ങിയ പുതിയ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. നത്തിങിന്റെ സബ് ബ്രാന്റായ സിഎംഎഫിന്റെ പുതിയ സിഎംഎഫ് ഫോണ്‍ 2 പ്രോ ഏപ്രില്‍ 28 ന് പുറത്തിറക്കാനിരിക്കുകയാണ്.
നത്തിങ് ഉള്‍പ്പടെ വിവിധ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകള്‍ക്ക് ഇന്ന് ഇന്ത്യയില്‍ നിര്‍മാണശാലയുണ്ട്. ഇന്ത്യന്‍ വിപണിയിലെ ആവശ്യത്തിനൊപ്പും നല്ലൊരു പങ്ക് മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.