ഇ – പേയ്മെൻറ് മേഖലയിൽ ഇന്ത്യയിലെ പ്രധാന ബിസിനസ് ഭീമൻമാരിൽ ഒന്നായിരുന്ന പേടിഎം (Paytm) കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇപ്പോഴിതാ സ്ഥാപനത്തിൻെറ പ്രസിഡൻറും സിഒഒയുമായ ഭവേഷ് ഗുപ്ത രാജി വെച്ചിരിക്കുകയാണ്. കമ്പനിക്കുള്ളിലും പുറത്തും ഇത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഭവേഷ് രാജിവെച്ചതെന്ന് പേടിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ഇതല്ല കാരണമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സ്ഥാപനത്തിലെ പ്രതിസന്ധികളെ തുടർന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ സ്ഥാപനത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥരെ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. “നിങ്ങൾ ചിന്തിക്കുന്നത് പോലെത്തന്നെ നിങ്ങളുടെ സഹപ്രവർത്തകർ എപ്പോഴും ചിന്തിക്കണമെന്നില്ലെന്നതാണ് ഞാൻ പഠിച്ചിട്ടുള്ള പ്രധാന പാഠങ്ങളിൽ ഒന്ന്,” ജപ്പാൻെറ തലസ്ഥാനമായ ടോക്യോയിൽ വെച്ച് നടന്ന ഒരു ടെക്നോളജി കോൺഫറൻസിൽ വെച്ച് വിജയ് ശേഖർ പറഞ്ഞു.
പേടിഎമ്മിൻെറ സഹ സ്ഥാപനമായ പേടിഎം പേയ്മെൻറ് ബാങ്ക് ലിമിറ്റഡിനെ ബാങ്കിങ് ഓപ്പറേഷൻസിൽ നിന്ന് വിലക്കി കൊണ്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ് വന്നതിന് ശേഷമാണ് വിജയ് ശേഖറിൻെറ പ്രസ്താവന വന്നത്. പ്രസ്താവന ഭവേഷിനെ പോലുള്ളവരെ പരോക്ഷമായി ലക്ഷ്യമിട്ട് കൊണ്ടെന്നാണ് റിപ്പോർട്ട്. പേടിഎമ്മിൻ്റെ വായ്പാ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുള്ളയാളാണ് ഭവേഷ് ഗുപ്ത. പലപ്പോഴും പേടിഎമ്മിൻെറ വളർച്ചയുടെ ക്രെഡിറ്റ് സിഇഒ വിജയ് ശേഖർ ഭവേഷിന് നൽകാറുമുണ്ട്.
മെയ് 4നാണ് ഗുപ്ത പേടിഎമ്മിൽ നിന്നുള്ള തൻെറ രാജി പ്രഖ്യാപിച്ചത്. ഈ മാസം അവസാനം വരെ നിലവിലുള്ള സ്ഥാനത്ത് തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഗുപ്തയുടെ രാജിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ മെയ് 6ന് പേടിഎമ്മിൻെറ ഷെയർ 5 ശതമാനം ഇടിഞ്ഞ് ഏറ്റവും മോശം നിലയിലെത്തിയിരുന്നു.
ആർബിഐയുടെ നടപടി പേടിഎമ്മിൻെറ വായ്പാ പങ്കാളികളെ അസ്വസ്ഥരാക്കിയിരുന്നു. പങ്കാളികളുടെ ആത്മവിശ്വാസം ഉയർത്തുന്നതിൻെറ ഭാഗമായി പേടിഎം അതിൻ്റെ വായ്പാ പരിപാടികൾ രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രതിസന്ധി തുടങ്ങി മൂന്ന് മാസത്തോളമായിട്ടും പകുതിയിലധികം പങ്കാളികളുടെ വിശ്വാസ്യത തിരിച്ച് പിടിക്കാൻ പേടിഎമ്മിന് സാധിച്ചിട്ടില്ല.
“ഭവേഷ് ഗുപ്ത എടുത്ത തെറ്റായ നടപടികളുടെ പരിണിതഫലമാണ് ഇപ്പോൾ പേടിഎം അനുഭവിക്കുന്നതെന്നാണ് സിഇഒ വിജയ് ശേഖർ ശർമ കരുതുന്നത്,” പേടിഎമ്മുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മണി കൺട്രോളിനോട് പറഞ്ഞു.
“ഞങ്ങൾ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നിശ്ചയദാർഢ്യത്തോടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. ഏറെക്കാലമായി ഒപ്പമുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിൻെറ കരുത്ത്. അവരുടെ ആത്മാർഥതയും അർപ്പണ മനോഭാവവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്,” പേടിഎം വക്താവ് പറഞ്ഞു.
പേടിഎമ്മിൻെറ വരുമാനത്തിൻെറ 25 ശതമാനത്തിലധികം ലഭിച്ചിരുന്നത് വായ്പകളിൽ നിന്നായിരുന്നു. വായ്പാ പങ്കാളികൾ ഇടഞ്ഞ് നിൽക്കുന്നത് ഈ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി ഇങ്ങനെ രൂക്ഷമായി മുന്നോട്ട് പോയാൽ പേടിഎമ്മിൻെറ എല്ലാം മേഖലകളും കൂടുതൽ കുഴപ്പത്തിലേക്ക് പോകുമെന്ന് ഉറപ്പാണ്.