ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി അമേരിക്കന്‍ ടെക്സ്ഥാപനമായ എന്‍വിഡിയ. ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്നാണ് എന്‍വിഡിയ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികളില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. എന്‍വിഡിയയുടെ ഓഹരികളില്‍ 3.5 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3.34 ട്രില്ല്യണ്‍ ഡോളറായി (3.34 ലക്ഷം കോടി രൂപ) ഉയര്‍ന്നു.
ഓഹരികളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതോടെ ഒന്നാം സ്ഥാനത്തിനായി മത്സരിച്ച മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും എന്‍വിഡിയ പിന്നിലാക്കി. എന്‍വിഡിയയുടെ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിപ്പുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് അതിന്റെ വിപണി മൂല്യത്തിന്റെ അഭൂതപൂര്‍വമായ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. കമ്പനിയുടെ ഓഹരികളില്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. 2022 ഒക്ടോബറില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തായിരുന്ന കമ്പനിയുടെ ഓഹരികള്‍ 1100 ശതമാനമാണ് വര്‍ധിച്ചത്.
എൻവിഡിയയുടെ വളര്‍ച്ച
വരുമാനത്തിലുണ്ടായ കുതിപ്പും എഐയോടുള്ള നിക്ഷേപകരുടെ വര്‍ധിച്ചു വരുന്ന താത്പര്യവുമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്. എന്‍വിഡിയയുടെ വിപണി മൂല്യം വെറും 96 ദിവസത്തിനുള്ളിലാണ് രണ്ട് ട്രില്ല്യണ്‍ ഡോളറില്‍(രണ്ട് ലക്ഷം കോടി രൂപ) നിന്ന് മൂന്ന് ട്രില്ല്യണ്‍ ഡോളറായി(മൂന്ന് ലക്ഷം കോടി രൂപ) ഉയര്‍ന്നത്. ബെസ്‌പോക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ഈ നേട്ടം സ്വന്തമാക്കുന്നതിന് മൈക്രോസോഫ്റ്റിന് 945 ദിവസവും ആപ്പിളിന് 1044 ദിവസവും വേണ്ടി വന്നു.
ഇതുവരെയുള്ള കണക്കനുസിച്ച് 1925-ന് ശേഷം 11 യുഎസ് കമ്പനികള്‍ മാത്രമാണ് ക്ലോസിംഗ് അടിസ്ഥാനത്തില്‍ വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് എസ് ആന്‍ഡ് പി ഡൗ ജോണ്‍സ് ഇന്‍ഡെക്‌സിലെ സീനിയര്‍ ഇന്‍ഡക്‌സ് അനലിസ്റ്റായ ഹോവാര്‍ഡ് സില്‍വര്‍ബ്ലാറ്റ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അടുത്തിടെ എന്‍വിഡിയയുടെ തൈമാസ വരുമാനത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു.
വരുമാനം മൂന്നിരട്ടി വര്‍ധിച്ച് 26 ബില്ല്യണ്‍ ഡോളറായി. അതേസമയം, അറ്റാദായം ഏഴ് മടങ്ങ് ഉയര്‍ന്ന് 14.9 ബില്ല്യണ്‍ ഡോളറായും വര്‍ധിച്ചു. എന്‍വിഡിയയുടെ ഈ നേട്ടത്തിനൊപ്പം മറ്റ് ടെക് കമ്പനികളായ സൂപ്പര്‍ മൈക്രോ കംപ്യൂട്ടര്‍, ആം ഹോള്‍ഡിംഗ്‌സ് എന്നിവയും എഐ വിപണിയുടെ സ്വാധീനത്തില്‍ കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനമായിരുന്ന എക്‌സോണ്‍ മൊബിലിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. എണ്ണ വിലയിലെ ഇടിവാണ് ഇതിന് കാരണം.