ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെ, കാനഡയിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി ഇന്ത്യൻ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
മഹീന്ദ്രയുടെ കാനഡയിലെ അനുബന്ധ കമ്ബനിയായ റേസണ്‍ എയറോസ്പേസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനമാണ് കമ്ബനി അവസാനിപ്പിക്കുന്നത്. ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ നിരവധി അഭ്യൂഹങ്ങള്‍ക്കിടയാക്കി. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്താനുള്ള കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് കമ്ബനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളും നടത്തിയിട്ടില്ല.
മുംബൈ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയാണ് കനേഡിയൻ കമ്ബനിയായ റേസണ്‍ എയറോസ്പേസിലുള്ളത്. ഇത് സ്വമേധയാ അവസാനിപ്പിക്കുന്നതിനാണ് കമ്ബനി അപേക്ഷ നല്‍കിയത്.
2023 സെപ്തംബര്‍ 20-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് റേസണ് ലഭിച്ചിരുന്നു. കൂടാതെ 2023 സെപ്റ്റംബര്‍ 20 മുതല്‍ മഹീന്ദ്ര, കമ്ബനിയുടെ അസോസിയേറ്റ് അല്ലെന്നും, നോട്ടീസില്‍ പറയുന്നുണ്ട്.
റേസണ്‍ എയറോസ്പേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, ബിഎസ്‌ഇയില്‍ കമ്ബനിയുടെ ഓഹരികള്‍ 1.93 ശതമാനം ഇടിഞ്ഞ് 1,602.55 രൂപയായി.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്ത്യ തീവ്രവാദിയെന്ന് മുദ്രകുത്തിയ, കനേഡിയൻ പൗരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യൻ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യ ഈ ആരോപണം നിരസിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഒരു വിവരവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പൗരൻമാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.