ജോലിസമ്മര്‍ദം കാരണം ജീവനക്കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സീനിയര്‍ മാനേജര്‍മാര്‍ക്കെതിരെ ബജാജ് ഫിനാന്‍സ് നടപടി സ്വീകരിച്ചു. ബജാജ് ഫിനാന്‍സിലെ ജീവനക്കാരനായിരുന്ന തരുണ്‍ സക്‌സേനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. സീനിയര്‍ ഉദ്യോഗസ്ഥന്‍മാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് എന്നാണ് ഇദ്ദേഹം അവസാനമായി എഴുതിയ കത്തില്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്ന് തരുണിന്റെ സീനിയര്‍ മാനേജര്‍മാരോട് അവധിയില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചു.
തിങ്കളാഴ്ചയാണ് തരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് തരുണിന്റേത്. തന്റെ മരണത്തില്‍ സീനിയര്‍ മാനേജര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കണമെന്നും തരുണിന്റെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
’’ ആരോപണവിധേയരായ ജീവനക്കാരെ നിലവിലെ ജോലികളില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. അവരോട് നിര്‍ബന്ധിത അവധിയെടുക്കാനും നിര്‍ദേശിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്,’’ എന്ന് ബജാജ് ഫിനാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
തരുണിന്റെ മരണത്തില്‍ ഖേദിക്കുന്നുവെന്നും നികത്താനാകാത്ത നഷ്ടമാണിതെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.’’ തരുണ്‍ നല്ലൊരു അച്ഛനായിരുന്നു. നല്ലൊരു മകനും സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് ഇതൊരു തീരാനഷ്ടമായിരിക്കും. കഴിഞ്ഞ 7വര്‍ഷമായി അദ്ദേഹം കമ്പനിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കും,’’ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കടുത്ത ജോലിസമ്മര്‍ദ്ദവും സീനിയര്‍ ഉദ്യോഗസ്ഥരുടെ പീഡനവുമാണ് തരുണിന്റെ ജീവനെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതേപ്പറ്റി തരുണ്‍ അവസാനമായി എഴുതിയ അഞ്ച് പേജുള്ള കത്തിലും പറയുന്നുണ്ട്.
ഇഎംഐ പിരിച്ചെടുക്കുന്ന ജോലിയാണ് തരുണിന്റേത്. മികച്ച രീതിയില്‍ ജോലി ചെയ്തിട്ടും ടാര്‍ജറ്റ് തികയ്ക്കാന്‍ തരുണിന് കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തിനിടെ ജോലിസമ്മര്‍ദം കൂടിയെന്നും 45 ദിവസത്തോളം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും തരുണ്‍ എഴുതിയ കത്തില്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും തനിക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നും തരുണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ’’ ഞാന്‍ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല. കടുത്ത സമ്മർദമാണ് . ടാര്‍ജറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് പോകാനാണ് സീനിയര്‍ ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നത്,’’ തരുണിന്റെ കത്തില്‍ പറയുന്നു.