ഓഹരി ഇടപാടിൽ വൻതുക ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ വനിതാ ഡോക്ടറുടെ കയ്യിൽ നിന്നും 87 ലക്ഷം രൂപ ഓൺലൈൻ സംഘം തട്ടിയെടുത്തു. കഴിഞ്ഞ ഒരുമാസം കൊണ്ടാണ് ഓൺലൈൻ സംഘം ഇത്രയും തുക തട്ടിയെടുത്തത്. വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തസമയത്താണ് നാട്ടിൽ തിരിച്ചെത്തിയത് . ഇതിനിടെയാണ് ഓൺലൈൻ തട്ടിപ്പിനിരയാകുന്നത്. വനിതാ ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഡോക്ടർ ഓൺലൈനിലൂടെ പണമിടപാടുകൾ നടത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യമാണ് ഓൺലൈൻ ഓഹരി ഇടപാടിൽ വൻ ലാഭമുണ്ടാക്കാമെന്ന വാട്ട്സ് ആപ്പ് സന്ദേശം ഡോക്ടർക്ക് ലഭിക്കുന്നത്. പ്രമുഖ കമ്പനികളുടെ ഓഹരികൾ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ZERODHA എന്ന ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്യാനും ഡോക്ടറോട് സംഘം ആവശ്യപ്പെട്ടു. ആപ്പ് വഴി ആദ്യം 5 ലക്ഷം രൂപ അടച്ചു. അധികം വൈകാതെ ലാഭവിഹിതമായി ഒരു ലക്ഷം രൂപ ഡോക്ടറുടെ അക്കൌണ്ടിലെത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടറുടെ മുന്നിലേക്ക കൂടുതൽ വാഗ്ദാനങ്ങൾ എത്തുകയും പല തവണകളായി 87 ലക്ഷം രൂപ വാങ്ങുകയുമായിരുന്നു. ആപ്പിന്റെ വാലറ്റിൽ ലാഭവിഹിതം കാണിച്ചെങ്കിലും പിൻവലിക്കാനായില്ല. ഇതേക്കുറിച്ച് തിരക്കിയപ്പോൾ ഇൻഷ്വറൻസ് തുകയും മറ്റും അടച്ചാലെ പണം പിൻവലിക്കാനാകു എന്നായിരുന്നു ഓൺലൈൻ സംഘത്തിന്റെ മറുപടി.വാട്ട്സ് ആപ്പ് മെസേജുകൾ വഴിമാത്രമായിരുന്നു തട്ടിപ്പു സംഘം ഡോക്ടറുമായി സംസാരിച്ചത്.
ഇൻഷ്വറൻസ് തുക ലാഭവിഹിതത്തിൽ നിന്ന് ഈടാക്കാൽ പറഞ്ഞെങ്കിലും ഓൺലൈൻ സംഘം തയ്യാറായില്ല.ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസിലായ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ബാങ്ക് അക്കൌണ്ടുകൾ വഴിയായിരുന്നു സംഘം പണം സ്വീകരിച്ചത്. ഒരോതവണയും പുതിയ അക്കൌണ്ട് നമ്പരാണ് പണം സ്വീകരിക്കാൻ സംഘം ഉപയോഗിച്ചത്. വിദേശത്തുനിന്നും ഇന്ത്യയിൽ നിന്നും ഈ അക്കൌണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.