ദേശീയ വിദ്യാഭ്യാസ നയം ഫലവത്താക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള 100,00ത്തോളം വിരമിച്ച അധ്യാപകരെ ക്ഷണിച്ച് ഇന്ത്യയില്‍ അധ്യാപക പരിശീലനം ആരംഭിക്കണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍ജീനിയറിംഗ്, മാത്തമാറ്റിക്‌സ്, എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായ വിരമിച്ച അധ്യാപകരെയാണ് ക്ഷണിക്കേണ്ടത്.
ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2500 അധ്യാപക പരിശീലന കോളേജുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ”നമ്മുടെ അധ്യാപകരോടും ഗവേഷകരോടും അല്‍പ്പം ബഹുമാനം കാണിക്കണം. അവര്‍ക്ക് മികച്ച വേതനം നല്‍കണം. ഗവേഷകര്‍ക്ക് വേണ്ട സൗകര്യങ്ങളും ചെയ്ത് നല്‍കണം. അവരാണ് നമ്മുടെ യുവാക്കളുടെ മാതൃക. അതുകൊണ്ടാണ് ഞങ്ങള്‍ ഇന്‍ഫോസിസ് പ്രൈസ് 2009ല്‍ ആരംഭിച്ചത്. ഇന്ത്യയിലെ ഗവേഷക മേഖലയ്ക്കായുള്ള ഞങ്ങളുടെ എളിയ സംഭാവനയാണിത്,” നാരായണ മൂര്‍ത്തി പറഞ്ഞു.
‘Train the teacher’ പദ്ധതി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരിക്കണമെന്നും അദ്ദേഹം ബംഗളുരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്‍ഫോസിസ് പ്രൈസ്-2023 വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ” 4 പേരടങ്ങിയ പരിശീലകര്‍ക്ക് 100 പ്രൈമറി സ്‌കൂള്‍ അധ്യാപകരെയും 100 സെക്കന്ററി അധ്യാപകരെയും പരിശീലിപ്പിക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ എല്ലാ വര്‍ഷവും ഈ രീതിയിലൂടെ 250,000 പ്രൈമറി അധ്യാപകരെയും 250,000 സെക്കന്ററി സ്‌കൂള്‍ അധ്യാപകരെയും പരിശീലിപ്പിക്കാനാകും,’ അദ്ദേഹം പറഞ്ഞു. പരിശീലനം നേടിയ അധ്യാപകര്‍ക്ക് അടുത്ത അഞ്ച് വര്‍ഷം വരെ മറ്റുള്ളവരെ പരിശീലിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വിരമിച്ച ഓരോ അധ്യാപകര്‍ക്കും പ്രതിവര്‍ഷം 100,000 ഡോളര്‍ നല്‍കണം. ഈ ഇരുപത് വര്‍ഷ പദ്ധതിയ്ക്ക് പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറും ഇരുപത് വര്‍ഷത്തേക്ക് 20 ബില്യണ്‍ ഡോളറും ചെലവാകും. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന നമ്മുടെ രാജ്യത്തിന് ഈ പദ്ധതി അത്ര വലിയ ബാധ്യതയാകില്ല,” അദ്ദേഹം പറഞ്ഞു. ”ഇത് വളരെ ചെലവേറിയതാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ മുന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല അധ്യക്ഷന്‍ ഡെറിക് ബോകിന്റെ ചില വാക്കുകള്‍ ഓര്‍ത്താല്‍ മതി.’ വിദ്യാഭ്യാസം ചെലവേറിയതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അജ്ഞത ഒന്ന് ട്രൈ ചെയ്ത് നോക്കൂ,’ എന്നാണ് അദ്ദേഹം പറഞ്ഞത്,” നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.