വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വിജയത്തിലേക്ക് അടുക്കുമ്പോള്‍ ഓഹരി വിപണി കുതിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടെടുത്ത ഉന്മേഷം കൈവിടാതെ സെന്‍സെക്സ് ഇന്ന് ഒരുവേള 640ഓളം പോയിന്റ് കുതിച്ച് 80,115 വരെയെത്തി. 24,308ല്‍ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയര്‍ന്നു. ഇന്നത്തെ വ്യാപാരം രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ സെന്‍സെക്സുള്ളത് 480 പോയിന്റ് (+0.60%) 79,984ലും നിഫ്റ്റി 147.50 പോയിന്റ് (+0.61%) ഉയര്‍ന്ന് 24,360ലും.
ട്രംപിന് സാധ്യത വര്‍ധിച്ചതോടെ, യുഎസ് ഓഹരി വിപണികളായ ഡൗ ഡോണ്‍സ്, നാസ്ഡാക്, എസ് ആന്‍ഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ്, ഓസ്ട്രേലിയന്‍, കൊറിയന്‍ സൂചികകളും ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണികളും ഉഷാറിലായി. ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ് ആയിരുന്നെങ്കിലും സെന്‍സെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലെത്തി.
ഇന്ത്യന്‍ ഓഹരി വിപണികളുടെ ഇന്നത്തെ നേട്ടത്തെ നയിക്കുന്നത് ഐടി കമ്പനികളാണ്. ഇന്ത്യന്‍ ഐടി കമ്പനികളുടെ മുഖ്യവിപണിയാണ് യുഎസ്. മാത്രമല്ല, ട്രംപ് അധികാരത്തില്‍ വന്നാല്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്. വിശാല വിപണിയില്‍ നിഫ്റ്റി ഐടി സൂചിക ഇന്ന് 3.30 ശതമാനം ഉയര്‍ന്നു. നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1.6% വരെ ഉയര്‍ന്നു.
ഡോ.റെഡ്ഡീസ് ലാബ് ആണ് നിഫ്റ്റി 50ല്‍ 3.67% ഉയര്‍ന്ന് നേട്ടത്തില്‍ മുന്നില്‍. സെപ്റ്റംബര്‍പാദ ലാഭം 9.5%, വരുമാനം 16.5% എന്നിങ്ങനെ ഉയര്‍ന്നത് കമ്പനിക്ക് കരുത്താണ്. ടിസിഎസ്., വിപ്രോ, എച്ച്സിഎല്‍ടെക്, ഇന്‍ഫോസിസ് എന്നിവയാണ് 3.25-3.57% കുതിച്ച് നേട്ടത്തില്‍ തൊട്ടുപിന്നിലുള്ളവ