യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) വൻതോതിൽ കൊഴിയുന്നതും യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഡോളർ കരുത്താർജിച്ചതുമാണു തിരിച്ചടി.
ഒക്ടോബറിൽ 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്ഐഐ) ഈ മാസം ആദ്യ ആഴ്ചയിൽ മാത്രം 20,000 കോടി രൂപയുടെ ഓഹരികളും വിറ്റുപിന്മാറി. വിദേശനാണയ ശേഖരത്തിൽനിന്നു വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നുണ്ട്. അല്ലായിരുന്നെങ്കിൽ, ഇന്നു രൂപ കൂടുതൽ ദുർബലമാകുമായിരുന്നു.
റിസർവ് ബാങ്കിന്റെ ഈ നടപടിമൂലം ഇന്ത്യയുടെ വിദേശനാണയ ശേഖരം വൻതോതിൽ കുറയുന്നുമുണ്ട്. നവംബർ ഒന്നിനു സമാപിച്ച ആഴ്ചയിൽ 267.5 കോടി ഡോളറിന്റെയും തൊട്ടുമുമ്പത്തെ ആഴ്ചയിൽ 346.3 കോടി ഡോളറിന്റെയും ഇടിവാണു ശേഖരത്തിലുണ്ടായത്. സെപ്റ്റംബറിൽ 70,000 കോടി ഡോളർ എന്ന നാഴികക്കല്ല് ആദ്യമായി ഭേദിച്ച വിദേശനാണയ ശേഖരം നിലവിലുള്ളത് 68,213 കോടി ഡോളറിൽ.
യൂറോ, യെൻ എന്നിങ്ങനെ ലോകത്തെ ആറു മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷം 105 നിലവാരത്തിനു മുകളിലെത്തുകയും ഡോളറിന്റെ കരുത്തിനു മുന്നിൽ ജാപ്പനീസ് യെൻ അടക്കമുള്ള മുൻനിര ഏഷ്യൻ കറൻസികൾ വീണതും രൂപയ്ക്കു വൻ സമ്മർദ്ദമാകുകയാണ്.