Friday, November 15, 2024

HomeBusinessറിലയൻസ്-ഡിസ്നി ലയനം: ഇന്ത്യയിൽ വിനോദരംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

റിലയൻസ്-ഡിസ്നി ലയനം: ഇന്ത്യയിൽ വിനോദരംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

spot_img
spot_img

വയാകോം 18ന്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്നി എന്നിവര്‍ പ്രസ്താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, മറ്റു റഗുലേറ്ററി അതോറിറ്റികള്‍ എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണ് ലയന നടപടികൾ പൂർത്തിയായത്. സംയുക്ത സംരഭത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 11,500 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ആസ്തികൾക്കും പണത്തിനും വേണ്ടി യഥാക്രമം Viacom18, RIL എന്നിവയ്ക്ക് സംയുക്ത സംരംഭത്തിന്റെ ഓഹരികൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

70,352 കോടി രൂപ വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണ് ഇതോടെ യാതാർത്ഥ്യമാകുന്നത്. സംരംഭത്തിന് നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസിന് 16.34 ശതമാനം ഓഹരികളാണുള്ളത്. വയാകോം 18ന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും‌മെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.

‘മൂന്ന് സിഇഒമാരാണ് സംയുക്ത സംരംഭത്തെ നയിക്കുന്നത്. അവർ കമ്പനിയെ പുതിയ യുഗത്തിലേക്ക് നയിക്കും. വിനോദവിഭാഗത്തെ കെവിൻ വാസ് നയിക്കും. സംയോജിത ഡിജിറ്റൽ ഓർഗനൈസേഷന്റെ ചുമതല കിരൺ മണി ഏറ്റെടുക്കും. സ്പോർട്സ് വിഭാഗത്തെ സഞ്ജോഗ് ഗുപ്ത നയിക്കും. നിത അംബാനിയായിരിക്കും സംയുക്ത സംരംഭത്തിന്റെ ചെയർപേഴ്‌സൺ. ഉദയ് ശങ്കർ വൈസ് ചെയർപേഴ്‌സണായി പുതിയ സംരംഭത്തിന് തന്ത്രപരമായ മാർഗനിർദേശം നൽകും.’- കമ്പനി കൂട്ടിച്ചേർത്തു.

“പുതിയ സംരംഭത്തിന്റെ രൂപീകരണത്തോടെ ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായം ഒരു പരിവർത്തന യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഞങ്ങളുടെ ആഴത്തിലുള്ള സർഗ്ഗാത്മക വൈദഗ്ധ്യവും ഡിസ്നിയുമായുള്ള ബന്ധവും ഇന്ത്യൻ ഉപഭോക്താവിനെക്കുറിച്ചുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത ധാരണയും ഇന്ത്യൻ കാഴ്ചക്കാർക്ക് താങ്ങാവുന്ന വിലയിൽ സമാനതകളില്ലാത്ത ഉള്ളടക്കം ഉറപ്പാക്കും. സംരംഭത്തിന്റ ഭാവിയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്, എല്ലാ വിജയങ്ങളും നേരുന്നു’’- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റ‍ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

മറ്റൊരു ഇടപാടിൽ, വയാകോം 18 ലെ പാരാമൗണ്ട് ഗ്ലോബലിന്റെ മുഴുവൻ ഓഹരികളും (13.01% ) 4286 കോടി രൂപയ്ക്ക് റിലയൻസ് വാങ്ങി. ഇതോടെ വയാകോം 18ന്റെ 70,49 ശതമാനം ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസും 13.54% ഓഹരികൾ നെറ്റ്വര്‍ക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡും 15.97 % ബോധി ട്രീ സിസ്റ്റംസും കൈകാര്യം ചെയ്യും.

“പുതിയ സംരംഭം ഉപഭോക്താക്കൾക്ക് ഇന്ത്യയുടെ വിനോദ വ്യവസായത്തിൽ ഒരു പുതിയ യുഗം സമ്മാനിക്കും. റിലയൻസിന്റെയും ഡിസ്നിയുടെയും ഈ അതുല്യ സംയുക്ത സംരംഭം കമ്പനികളുടെ ഉള്ളടക്ക നിർമ്മാണവും ക്യൂറേഷൻ വൈദഗ്ധ്യവും ലോകോത്തര ഡിജിറ്റൽ സ്ട്രീമിംഗ് കഴിവുകളും ഒരു ഡിജിറ്റൽ ഫസ്റ്റ് സമീപനവും ഒരുമിച്ച് കൊണ്ടുവരുന്നു. ആഗോളതലത്തിൽ ഇന്ത്യൻ കാഴ്ചക്കാർക്കും ഇന്ത്യൻ പ്രവാസികൾക്കും താങ്ങാനാവുന്ന വിലയിൽ സമാനതകളില്ലാത്ത ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കും” കമ്പനി പ്രസ്താവനയിൽ പറയുന്നു.

2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഏകദേശം 26,000 കോടി രൂപ സംയോജിത വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ, വിനോദ കമ്പനികളിൽ ഒന്നായിരിക്കും ഈ സംരംഭം. 100-ലധികം ടിവി ചാനലുകളാണ് ഈ സംരംഭത്തിന് കീഴിലുള്ളത്. പ്രതിവർഷം 30,000+ മണിക്കൂർ ടിവി വിനോദ ഉള്ളടക്കം നിർമിക്കുന്നു. ജിയോ സിനിമ, ഹോട്ട്സ്റ്റാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് 50 ദശലക്ഷത്തിലധികം സബ്‌സ്‌ക്രിപ്‌ഷൻ അടിത്തറയാണുള്ളത്. ക്രിക്കറ്റ്, ഫുട്ബോൾ, മറ്റ് സ്പോർട്സ് എന്നിവയിലുടനീളമുള്ള സംപ്രേഷണാവകാശം സംരംഭം നേടിയിട്ടുണ്ട്.

“ഞങ്ങളുടെ രണ്ട് കമ്പനികൾക്കും ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ഇത് ആവേശകരമായ നിമിഷമാണ്, ഈ സംയുക്ത സംരംഭത്തിലൂടെ ഞങ്ങൾ രാജ്യത്തെ മികച്ച വിനോദ സ്ഥാപനങ്ങളിലൊന്ന് സൃഷ്ടിക്കുന്നു,” വാൾട്ട് ഡിസ്നി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോബർട്ട് എ ഇഗർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments