ടെക് ഭീമന്‍ ആപ്പിളിന്റെ ഐഫോൺ നിർമാണത്തിന് ജീവനക്കാരെ നിയമിക്കുന്നതിന് നല്‍കുന്ന പരസ്യങ്ങളില്‍ നിന്ന് വൈവാഹിക നിലയും പ്രായവും നീക്കം ചെയ്യാന്‍ റിക്രൂട്ട്‌മെന്റുമാരോട് ഫോക്‌സ്‌കോണ്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റ ഇന്ത്യയിലെ വിതരണക്കാരാണ് ഫോക്‌സ്‌കോണ്‍. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഏജന്റുമാര്‍ക്കാണ് ഫോക്‌സ്‌കോണ്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രായം, ലിംഗം, വൈവാഹിക നില, ആപ്പിൾ കമ്പനിയുടെ പേര് എന്നിവ പരസ്യങ്ങളില്‍ ചേര്‍ക്കരുതെന്നാണ് നിര്‍ദേശത്തിൽ പറയുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
ജൂണ്‍ 25ന് റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ നീക്കം. ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ ഐഫോണിന്‍റെ ഏറ്റവും വലിയ പ്ലാന്റില്‍ നിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കിയതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉയര്‍ന്ന തോതില്‍ ഐഫോണ്‍ ഉത്പാദിപ്പിക്കുന്ന കാലയളവില്‍ ഇതില്‍ ഇളവ് വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിലെ ഐഫോണ്‍ ഫാക്ടറിയില്‍ ഫോക്‌സ്‌കോണ്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അതേസമയം, അസംബ്ലി ലൈന്‍ ജീവനക്കാരെ മൂന്നാം കക്ഷിയാണ് റിക്രൂട്ട് ചെയ്യുന്നത്. ഈ ഏജന്റുമാരാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയും സ്‌ക്രീനിംഗ് നടത്തുകയും ചെയ്യുന്നത്. ഇതിന് ശേഷം അഭിമുഖം നടത്തി ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് ഫോക്‌സ്‌കോണ്‍ ആണ്.
2023 ജനുവരിക്കും 2024 മേയ് മാസത്തിനും ഇടയില്‍ ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ റിക്രൂട്ടര്‍മാര്‍ പ്രസിദ്ധീകരിച്ച തൊഴില്‍ പരസ്യങ്ങള്‍ അവലോകനം ചെയ്താണ് റോയിട്ടേഴ്‌സ് ജൂണിലെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആപ്പിളിന്റെയും ഫോക്‌സ്‌കോണിന്റെയും വിവേചന വിരുദ്ധ നയങ്ങള്‍ക്ക് വിരുദ്ധമായി സ്മാര്‍ട്ട്‌ഫോണ്‍ അസംബ്ലി ജോലിക്ക് നിശ്ചിതപ്രായത്തിലുള്ള അവിവാഹിതരായ സ്ത്രീകളെ മാത്രമെ നിയമിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കമ്പനി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ നല്‍കാന്‍ ഫോക്‌സ്‌കോണ്‍ എച്ച്ആര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളോടും നിര്‍ദേശിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്ന് റിക്രൂട്ട്മെൻറ് ഏജന്‍സിയുടെ വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ അവസാനം നടന്ന ഒരു യോഗത്തിനിടെ ഫോക്‌സ്‌കോണിന്റെ പേര് ഇനിയുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് കമ്പനിയുടെ എച്ച്ആര്‍ എക്‌സിക്യുട്ടിവുകള്‍ റിക്രൂട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനിയുടെ നിയമനരീതികളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിര്‍ദേശം. അങ്ങനെ ചെയ്താല്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന് അവര്‍ പറഞ്ഞതായി റിക്രൂട്ടര്‍മാരില്‍ ചിലര്‍ വെളിപ്പെടുത്തി.
പുതിയ പരസ്യങ്ങളില്‍ വൈവാഹിക നിലയും പ്രായവും ലിംഗവും പരാമര്‍ശിക്കരുതെന്ന് നിർദേശമുണ്ടെന്ന് ഒരു റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങളെക്കുറിച്ചുള്ള റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഫോക്‌സ്‌കോണ്‍ പ്രതികരിച്ചില്ല. ഐഫോണിന്റെ അസംബ്ലി ജോലിയിലേക്ക് വിവാഹിതരായ സ്ത്രീകളെ നിയമിക്കുന്നതിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചോ എന്ന ചോദ്യത്തോടും ഫോക്‌സ്‌കോണ്‍ പ്രതികരിച്ചില്ല. ആപ്പിളും സമാനമായ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളെ ജോലിക്കായി ഫോക്‌സ്‌കോണ്‍ നിയമിക്കുമെന്ന് ഇരു കമ്പനികളും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ടെംപ്ലേറ്റ് പരസ്യത്തില്‍ വൈവാഹികനില, പ്രായം, ലിംഗം എന്നിവയെക്കുറിച്ചോ ഫോക്‌സ്‌കോണിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, എയര്‍ കണ്ടീഷന്‍ ചെയ്ത ജോലി സ്ഥലം, സൗജന്യ യാത്ര, സൗജന്യ ഹോസ്റ്റല്‍ സൗകര്യം, പ്രതിമാസ ശമ്പളം 14,974 രൂപ എന്നീ വിവരങ്ങളെല്ലാം പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.
റിക്രൂട്ട്‌മെന്റുമാരിലൊരാളായ ഗ്രോവ്മാന്‍ ഗ്ലോബല്‍ മൊബൈല്‍ നിര്‍മാണ ജോലിയിലേക്ക് 2023ല്‍ 18നും 32 വയസ്സിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പരസ്യം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം ഗ്രോവ്മാന്റെ മൂന്ന് പരസ്യങ്ങള്‍ അവലോകനം ചെയ്തപ്പോള്‍ ഇത്തരമൊരുനിര്‍ദേശമില്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഗ്രോവ്മാന്‍ തയ്യാറായില്ല.
അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ചൈനയ്ക്ക് ബദലായി പ്രധാന ഉത്പാദന കേന്ദ്രമായി ആപ്പിള്‍ ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു. റോയിട്ടേഴ്‌സിന്റെ മുന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ്‌കോണ്‍ പ്ലാന്റിലെ നിയമനരീതികളെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ലേബര്‍ ഉദ്യോഗസ്ഥര്‍ ജൂലൈയില്‍ ഫോക്‌സ്‌കോണിന്റെ ഫാക്ടറി സന്ദര്‍ശിക്കുകയും കമ്പനി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റോയിട്ടേഴ്‌സ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നിരസിച്ചു.
റിപ്പോര്‍ട്ട് സംബന്ധിച്ച റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികരിക്കാന്‍ തയ്യാറായില്ല.