Thursday, December 12, 2024

HomeBusinessഅനക്കമില്ലെങ്കിലും കാശുണ്ട്! നിര്‍ജീവമായ 11 കോടിയിലേറെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1500 കോടിയോളം രൂപ

അനക്കമില്ലെങ്കിലും കാശുണ്ട്! നിര്‍ജീവമായ 11 കോടിയിലേറെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1500 കോടിയോളം രൂപ

spot_img
spot_img

പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ രാജ്യത്ത് തുറന്ന 54.03 കോടി ബാങ്ക് അക്കൗണ്ടുകളില്‍ 11.30 കോടി അക്കൗണ്ടുകള്‍ നിലവില്‍ നിര്‍ജീവമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 2024 നവംബര്‍ 20വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തനരഹിതമായ ജനധന്‍ അക്കൗണ്ടുകളില്‍ 14,750 കോടി രൂപ ബാലന്‍സ് നിക്ഷേപമുണ്ടെന്ന് കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു.

പൊതുമേഖല ബാങ്കുകളിലെ നിര്‍ജീവ ജനധന്‍ അക്കൗണ്ടുകളുടെ ശതമാനം 2017 മാര്‍ച്ചില്‍ 39.62 ശതമാനമായിരുന്നു. 2024 നവംബറോടെ ഇത് 20.91 ശതമാനമായി കുറയുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശപ്രകാരം രണ്ട് വര്‍ഷത്തിലേറെയായി ഉപഭോക്തൃ ഇടപാടുകള്‍ നടക്കാത്ത സേവിംഗ്‌സ്-കറന്റ് അക്കൗണ്ടുകള്‍ നിര്‍ജീവമായി കണക്കാക്കപ്പെടും.

പ്രവര്‍ത്തനക്ഷമമായ ബാങ്ക് അക്കൗണ്ടുകളുടെ ശതമാനം പരിശോധിക്കാന്‍ ബാങ്കുകള്‍ നിരീക്ഷണം ശക്തമാക്കി വരുന്നുണ്ട്. ഈ മേഖലയിലെ പുരോഗതി സര്‍ക്കാരും വിലയിരുത്തി വരുന്നു. നിര്‍ജീവമായ അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ സുഗമമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

2014 ഓഗസ്റ്റ് 15നാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്ന സ്വപ്ന പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് അവതരിപ്പിച്ചത്. 2014 ആഗസ്റ്റ് 28ന് പദ്ധതി പ്രാബല്യത്തില്‍വരികയും ചെയ്തു. അനവധി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ജനങ്ങള്‍ക്കും സര്‍ക്കാരിനും നിരവധി നേട്ടങ്ങളാണുണ്ടായത്.

പ്രത്യേകിച്ചും കോവിഡ് വ്യാപന കാലത്ത് രാജ്യത്തെ പൗരന്‍മാര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിലും ഈ പദ്ധതി നിര്‍ണായക പങ്കുവഹിച്ചു. പിഎം കിസാന്‍ സമ്മാന്‍നിധി, എംജിഎന്‍ആര്‍ഇജിഎ തുടങ്ങിയ പദ്ധതികളില്‍ നിന്നുള്ള സാമ്പത്തിക സഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തിക്കാന്‍ സഹായിച്ചതും പിഎം ജനധന്‍ യോജനയുടെ നേട്ടമായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജനധന്‍ യോജന. ഇതിലൂടെ സര്‍ക്കാര്‍-സാമൂഹിക ക്ഷേമ പദ്ധതികളുടെ സാമ്പത്തിക സഹായം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കാനും ലക്ഷ്യമിട്ടിരുന്നു. പദ്ധതി പ്രാബല്യത്തില്‍ വന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഏകദേശം 52.39 കോടി ജനധന്‍ ബൗങ്ക് അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നിട്ടുള്ളത്. ഗുണഭോക്താക്കളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഇനിയും ഉയരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ജനധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും 30000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നതാണ്. മറ്റ് സേവിംഗ്സ് അക്കൗണ്ട് പോലെ ജനധന്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക നിലനിര്‍ത്തേണ്ട ആവശ്യമില്ല. കൂടാതെ ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് എടുക്കാനുള്ള സൗകര്യവും ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു. ജനധന്‍ അക്കൗണ്ട് തുറക്കുന്ന വ്യക്തികള്‍ക്ക് ഉടന്‍ തന്നെ റുപേ ഡെബിറ്റ് കാര്‍ഡും ലഭിക്കുന്നതാണ്. ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും ജനധന്‍ അക്കൗണ്ടുകള്‍ തുറക്കാനാകുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments