ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ മാറ്റിമറിച്ച സംവിധാനമാണ് യുപിഐ(യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്). പണം കൈമാറ്റവും ഇടപാടുകളും വേഗത്തിലാക്കാനും എളുപ്പത്തിലാക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍, വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലേക്കും ഇത് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പിലെ എണ്ണം വര്‍ധിക്കുന്നതാണ് പ്രധാന ആശങ്കകളിലൊന്ന്.
തെറ്റായ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാന്‍ തട്ടിപ്പുകാർ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ തുക നഷ്ടപ്പടുന്നതിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ക്യുആര്‍ കോഡ് തട്ടിപ്പുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നും നോക്കാം.
എങ്ങനെയാണ് ക്യുആര്‍ കോഡ് തട്ടിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്?
ക്യുആര്‍ കോഡ് ഉപയോഗിച്ച് വളരെ വേഗത്തിലും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താന്‍ കഴിയും. അതാണ് തട്ടിപ്പുകാര്‍ പ്രയോജനപ്പെടുത്തുന്നതും. ക്യുആര്‍ കോഡ് തട്ടിപ്പില്‍ തട്ടിപ്പുകാര്‍ വ്യാജമോ തെറ്റായതോ ആയ ക്യുആര്‍ കോഡ് കൈമാറുകയാണ് ചെയ്യുന്നത്. പലപ്പോഴും ഉപയോക്താക്കള്‍ക്ക് വിശ്വാസം തോന്നുന്ന ഇടങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ഉദാഹരണത്തിന്, കടകള്‍, ഡെലിവറി സേവനങ്ങള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്.
തട്ടിപ്പുകാരന്‍ ഒരു ക്യുആര്‍ കോഡ് സൃഷ്ടിക്കുകയും അത് ഒരു നിയമാനുസൃത ഇടപാടുമായി ലിങ്ക് ചെയ്തിരിക്കുന്നതായി തോന്നിക്കുകയുമാണ് ചെയ്യുക. നാം പണം നല്‍കുമ്പോള്‍ അത് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് പോകുന്നു. ഒരു ഉത്പന്നത്തിനോ സേവനത്തിനോ പണം നല്‍കുമ്പോള്‍ പണം ഇര അറിയാതെ തട്ടിപ്പുകാരന്റെ അക്കൗണ്ടിലെത്തുന്നു.
ഇതിന് പുറമെ, ആപ്ലിക്കേഷനോ സോഫ്റ്റ് വെയറോ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടുന്ന ഒരു ക്യുആര്‍ കോഡില്‍ നിങ്ങളുടെ ബാങ്ക് വിശാദാംശങ്ങളിലേക്കും മറ്റ് വ്യക്തിവിവരങ്ങളിലേക്കും കടന്നു ചെല്ലുന്ന വ്യാജ എപികെ ലിങ്കും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളില്‍ ക്യുആര്‍ കോഡുകളില്‍ നിലവിലുള്ള വ്യാജ യുആര്‍എല്ലില്‍ ക്ലിക്ക് ചെയ്താല്‍ അത് നിങ്ങളുടെ ഫോണില്‍ സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടും.
ഓണ്‍ലൈന്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ എങ്ങനെ ഒഴിവാക്കാം?
യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ക്യുആര്‍ കോഡുകളെ ആശ്രയിക്കുന്നതിന് പകരം സ്വീകര്‍ത്താവിന്റെ പരിശോധിച്ചുറപ്പിച്ച യുപിഐ ഐഡിയിലേക്കോ മൊബൈല്‍ നമ്പറിലേക്കോ പണം നേരിട്ട് കൈമാറുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഉറവിടത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍. വഞ്ചനാപരമായ ഇടപാടുകള്‍ മറച്ചുവയ്ക്കാന്‍ ക്യുആര്‍ കോഡുകളില്‍ ആളുകള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുകയാണ് പതിവ്.
അപരിചിതമായ സ്ഥലത്തോ ബിസിനസ് സ്ഥാപനങ്ങളിലോ ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. റസ്റ്റൊറന്റുകള്‍, ചെറിയ കടകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ തട്ടിപ്പുകാര്‍ക്ക് വ്യാജ ക്യുആര്‍ കോഡുകള്‍ എളുപ്പത്തില്‍ സ്ഥാപിക്കാനാകും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ക്യുആര്‍ കോഡ് നിയമാനുസൃതവും വിശ്വസനീയവുമായ ഒരു വ്യാപാരിയുടേതാണെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കണം.
കൂടുതല്‍ സുരക്ഷയ്ക്കായി ഗൂഗിള്‍ പേ, ഫോണ്‍പേ അല്ലെങ്കില്‍ പേടിം പോലെയുള്ള നിങ്ങളുടെ യുപിഐ പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രം ലിങ്ക് ചെയ്യുന്ന ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് എടുക്കുന്നത് പരിഗണിക്കാം. ഈ അക്കൗണ്ടില്‍ എപ്പോഴും കുറഞ്ഞ തുകമാത്രം സൂക്ഷിക്കുക. ഇത് തട്ടിപ്പു നടന്നാലും വലിയ തുക നഷ്ടപ്പെടുന്നത് തടയും. ഈ നീക്കത്തിലൂടെ നിങ്ങളുടെ പ്രധാനപ്പെട്ട സമ്പാദ്യമുള്ള അക്കൗണ്ടിന് പരിരക്ഷ ഉറപ്പുവരുത്തുന്നു.
നിങ്ങള്‍ക്ക് സംശയാസ്പദമായ പേയ്‌മെന്റ് അഭ്യര്‍ത്ഥനകളോ ലിങ്കുകളോ ലഭിക്കുകയാണെങ്കില്‍ യുആര്‍എല്‍ അല്ലെങ്കില്‍ പേയ്‌മെന്റ് വിശദാംശങ്ങള്‍ കൃത്യമായി പരിശോധിക്കണം. വ്യാജ ലിങ്കുകളില്‍ പലപ്പോഴും അക്ഷരപിശകുകളോ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായ അസാധാരണമായ ഡൊമെയിന്‍ നാമങ്ങളോ അടങ്ങിയിരിക്കുന്നു. ലിങ്കുകള്‍ സ്ഥിരീകരിക്കുന്നതിന് ഒരു നിമിഷം മാറ്റി വയ്ക്കുന്നത് വലിയ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളെ സഹായിക്കും.