Monday, March 31, 2025

HomeBusiness15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി കുറച്ചേക്കുമെന്ന് റിപ്പോർട്ട്

15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി കുറച്ചേക്കുമെന്ന് റിപ്പോർട്ട്

spot_img
spot_img

ന്യൂഡല്‍ഹി: വര്‍ഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ബജറ്റിൽ, പുതിയ സ്‌കീമില്‍ അടിസ്ഥാന നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍തന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. 3 മുതല്‍ 6 ലക്ഷംവരെയുള്ള സ്ലാബിന്റെ പരിധി ഒരു ലക്ഷം ഉയര്‍ത്തി 7 ലക്ഷമാക്കി നികുതി 5 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ന്നുള്ള സ്ലാബിലും ഒരു ലക്ഷം ഉയര്‍ത്തി ഏഴ് മുതല്‍ പത്ത് ലക്ഷം രൂപവരെയാക്കി 10 ശതമാനം നികുതിതന്നെ ബാധകമാക്കി. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിയാകട്ടെ 15 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. 12 ലക്ഷം മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

വിലക്കയറ്റം മധ്യവര്‍ഗക്കാരുടെ വാങ്ങല്‍ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മധ്യവര്‍ഗത്തിന്റെ കൈകളിലെ പണം സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പൗരന്മാരുടെ ഭാരം ലഘൂകരിക്കുന്നതിന് ആദായനികുതി നിരക്കുകൾ കുറയ്ക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബജറ്റിനായുള്ള അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാൻ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച നീതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരെയും മേഖലാ വിദഗ്ധരെയും കണ്ടിരുന്നു.

വരാനിരിക്കുന്ന ബജറ്റിൽ ആദായനികുതി കുറയ്ക്കാനും കസ്റ്റംസ് താരിഫ് യുക്തിസഹമാക്കാനും കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ അവതരിപ്പിക്കാനും യോഗത്തിൽ സാമ്പത്തിക വിദഗ്ധര്‍ സർക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. 2025-26 വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 ഫെബ്രുവരി 1 ന് ലോക്‌സഭയിൽ അവതരിപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments