കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്. 2015 മുതല്‍ 2023വരെയുള്ള ട്രൂഡോയുടെ ഭരണകാലത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിരവധി അവസരങ്ങളും ആനൂകൂല്യങ്ങളും ലഭിച്ചിരുന്നു.
2015 മുതല്‍ 2024 കാലത്ത് 1.3 ദശലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായുള്ള അനുമതി ലഭിച്ചിരുന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ (ഐആര്‍സിസി) നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2015ല്‍ 31,920 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ വിദ്യാഭ്യാസ അനുമതി ലഭിച്ചിരുന്നുള്ളു. ഇത് ആകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 14.5 ശതമാനമാണ്.എന്നാല്‍ 2023 ആയപ്പോഴേക്കും വിദ്യാഭ്യാസ അനുമതി ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 278,250 ആയി ഉയര്‍ന്നു.
എന്നാല്‍ ഈയടുത്ത് കനേഡിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന് കര്‍ശനമായ ഉപാധികള്‍ മുന്നോട്ടുകൊണ്ടുവന്നു. ഇതോടെ 2024ല്‍ സ്റ്റഡി പെര്‍മിറ്റ് ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാല് ശതമാനം കുറഞ്ഞു.
കാനഡയിലെ കണ്‍സര്‍വേറ്റീവ് നേതാവും പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തിലെ മുന്‍നിരക്കാരനുമായ പിയറി പൊയിലിവ്രെ ട്രൂഡോയുടെ കുടിയേറ്റ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ്. രാജ്യത്തെ താല്‍ക്കാലിക വിദേശ തൊഴിലാളി (TFW) പദ്ധതിയില്‍ മാറ്റം കൊണ്ടുവന്ന ട്രൂഡോ സര്‍ക്കാരിനെ പൊയിലിവ്രെ ശകാരിച്ചു. ഈ പദ്ധതി കാര്‍ഷിക മേഖലയ്ക്കായി സംരക്ഷിക്കണമെന്നാണ് പൊയിലിവ്രെയുടെ വാദം. കനേഡിയന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന താല്‍കാലിക വിദേശ തൊഴിലാളികളെ കുറയ്ക്കാനും പൊയിലിവ്രെ പദ്ധതിയിടുന്നു.
വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങുകയാണ് പൊയിലിവ്രെ. പ്രധാനമന്ത്രിയായി അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ കുടിയേറ്റ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പൊയിലിവ്രെ അധികാരത്തിലെത്തിയാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുമതി ലഭിക്കുന്നതിലും വെല്ലുവിളികള്‍ നേരിടേണ്ടി വരും.
ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ബാധിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിലും കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിലും വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നു.
ജോലിയ്ക്കായുള്ള യോഗ്യതാ മാനദണ്ഡങ്ങളും പരിഷ്‌കരിക്കപ്പെടാം. അതെല്ലാം കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ കനേഡിയന്‍ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനത്തിനായുള്ള മത്സരം വര്‍ധിക്കുന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി തീര്‍ക്കും. പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന സാഹചര്യത്തില്‍ പരിമിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും.
അതോടൊപ്പം സ്റ്റഡി പെര്‍മിറ്റിനായുള്ള അപേക്ഷ പ്രക്രിയ ദൈര്‍ഘ്യമേറിയതാകും. കൂടാതെ കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വരുന്നതോടെ കാനഡയില്‍ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാകും. അധികാരത്തിലെത്തിയാല്‍ താല്‍ക്കാലിക വിദേശതൊഴിലാളികളെ നിയന്ത്രിക്കുന്ന നയം നടപ്പിലാക്കുമെന്ന പൊയിലിവ്രെയുടെ മുന്നറിയിപ്പ് കാനഡയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും ബാധിക്കും. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുമെന്നും സൂചനയുണ്ട്.