അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി കാനഡ. ഈ നീക്കം ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം.
2025 ജനുവരി 21 മുതല്‍ മതിയായ യോഗ്യതയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും വിദേശ തൊഴിലാളികളുടെയും ജീവിതപങ്കാളികള്‍ക്ക് മാത്രമെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന്(ഒഡബ്ല്യുപി) അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ദൈര്‍ഘ്യമേറിയ കോഴ്‌സുകള്‍ പഠിക്കുന്നവരുടെയും ഉയര്‍ന്ന ആവശ്യകതയുള്ള തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും പങ്കാളികള്‍ക്കായിരിക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയുക.
പുതിയ പരിഷ്‌കരണം ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഠനത്തിലും ജോലിയിലും തുടരുമ്പോള്‍ തങ്ങളുടെ പങ്കാളികളെ ജോലിക്കായി കാനഡയിലേക്ക് കൊണ്ടുവരാന്‍ ഇത് അനുവദിക്കും.16 മാസമോ അതില്‍ കൂടുതലോ നീണ്ടനില്‍ക്കുന്ന മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിലോ ഡോക്ടറല്‍ പ്രോഗ്രാമുകളിലോ ചില പ്രൊഫഷണല്‍ പ്രോഗ്രാമുകളിലോ ചേരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്ക് മാത്രമായി പുതുക്കിയ ഒഡബ്ല്യുപി യോഗ്യത നിജപ്പെടുത്തി.
തൊഴിലാളി ക്ഷാമം നേരിടുന്നതോ സര്‍ക്കാര്‍ മുന്‍ഗണന നിലനില്‍ക്കുന്നതോ ആയ മേഖലകളിലെ TEER 1 (സര്‍വകലാശാല ബിരുദം ആവശ്യമുള്ള തൊഴിലുകള്‍) തൊഴിലുകളിലോ തിരഞ്ഞെടുത്ത TEER 2 അല്ലെങ്കില്‍ TEER 3 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പങ്കാളികള്‍ക്ക് മാത്രമായും കുടുംബ ഒഡബ്ല്യുപി നിജപ്പെടുത്തി. നാച്ചുറല്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, നിര്‍മാണ മേഖല, ആരോഗ്യ മേഖല, പ്രകൃതിവിഭവങ്ങള്‍, വിദ്യാഭ്യാസം, കായികമേഖല, സൈനിക വിഭാഗങ്ങൾ എന്നിവ ഈ മേഖലകളില്‍ ഉള്‍പ്പെടുന്നുവെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) എന്നിവയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
വിദേശ തൊഴിലാളിയുടെ പങ്കാളി ഒഡബ്ല്യുപിക്ക് അപേക്ഷിക്കുമ്പോള്‍ അവരുടെ വര്‍ക്ക് പെര്‍മിറ്റിൽ കുറഞ്ഞത് 16 മാസമെങ്കിലും ബാക്കിയുണ്ടായിരിക്കണം. കുടുംബ ഒഡബ്ല്യുപികള്‍ക്ക് യോഗ്യത ലഭിക്കാത്ത, അവരുടെ ആശ്രിത മക്കള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കനേഡിയന്‍ സര്‍ക്കാര്‍ കർശനമാക്കും.
അതേസമയം, കുടുംബ ഒഡബ്ല്യുപികള്‍ക്ക് യോഗ്യത ലഭിക്കാത്ത കുടുംബാംഗങ്ങള്‍ക്ക് കാനഡയുടെ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമുകള്‍ക്ക് കീഴില്‍ ലഭ്യമായ മറ്റ് വര്‍ക്ക് പെര്‍മിറ്റുകള്‍ തിരഞ്ഞെടുക്കാമെന്ന് ഐആര്‍സിസി പറഞ്ഞു.
വരുന്ന സെപ്റ്റംബറോടെ കാനഡയിലെ താത്കാലിക താമസക്കാരുടെ അനുപാതത്തില്‍ കുറവുണ്ടാകുമെന്നാണ് ഐആര്‍സിസി കരുതുന്നത്. 2026 ആകുമ്പോഴേക്കും ഇത് മൊത്തം ജനസംഖ്യയുടെ 6.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയും.
2025ല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥി പഠന പെര്‍മിറ്റുകള്‍ക്കുള്ള ലക്ഷ്യത്തില്‍ 10 ശതമാനം കുറവുണ്ടായതായി കനേഡിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. 2024ല്‍ 4.85 ലക്ഷമായിരുന്നത് 4.37 ലക്ഷമായി കുറഞ്ഞു. 2025മായി താരതമ്യപ്പെടുത്തുമ്പോള്‍ 2026ല്‍ പഠന പെര്‍മിറ്റുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുമെന്ന് ഐആര്‍സിസി വ്യക്തമാക്കി.