ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി കനേഡിയൻ പ്രധാനമന്ത്രിയായി ധനകാര്യവിദഗ്ധൻ കൂടിയായ മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വെള്ളിയാഴ്ച്ച രാവിലെ 11 ന്കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായാണ് മാർക്ക് കാർണി അധികാരമേൽക്കുന്നത്.കാർണിയുടെയും അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഗവർണർ ജനറൽ മേരി സൈമന്റെ മുമ്പാകെയാണ്.
ബാങ്ക് ഓഫ് കാനഡയെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും നയിച്ച കാർണിയെ കഴിഞ്ഞ ഞായറാഴ്ചയാണ് ലിബറൽ പാർട്ടി ഓഫ് കാനഡയുടെ നേതാവായി തെരഞ്ഞെടുത്തത്. . പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി ഉൾപ്പെടെ നിലവിൽ 37 മന്ത്രിമാരാണ് ഉണ്ടാവുകയെന്ന് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. ഗവർണർ ജനറലിനെ സന്ദർശിച്ച് നിലവിലെ പ്രധാനമന്ത്രി ജസ്റ്റ റ്റിൻ ട്രൂഡോ രാജി സമർപ്പിക്കും. തുടർന്ന് കാർണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യു.എസുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ട്രൂഡോയുടെ പിൻമടക്കം. ലിബറൽ നേതാവെന്ന നിലയിൽ തന്റെ അവസാന പ്രസംഗത്തിൽ, കഴിഞ്ഞ ദശകത്തിലെ തന്റെ പാർട്ടിയുടെ നേട്ടങ്ങൾ ട്രൂഡോ എടുത്തുകാട്ടി. ‘കഴിഞ്ഞ 10 വർഷമായി മധ്യവർഗത്തിനും അതിൽ ചേരാൻ കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടി ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ അഭിമാനിക്കുന്നു’വെന്ന് ലിബറൽ ലീഡർഷിപ്പ് കൺവെൻഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കാനഡ ഒരു പുതിയ യുഗത്തിലേക്ക് മാറുമ്പോൾ, പുതിയ നേതൃത്വമായ കാർണിയുടെ ഭരണ സമീപനത്തിലും അദ്ദേഹം രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്നതിലുമായിരിക്കും എല്ലാവരുടേയും ശ്രദ്ധ.അമേരിക്കയുമായുളള ബന്ധത്തിലെ നിലപാടും ശ്രദ്ധേയമാകും