ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന് കാര്‍ത്തിക് വസുദേവാണ് കൊല്ലപ്പെട്ടത്.
പോലിസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് കാര്‍ത്തികിന് വെടിയേറ്റതെന്ന് ടൊറന്റോ പോലിസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ജോലിക്ക് പോവുന്നതിനിടെ കാനഡയിലെ ടൊറന്റോ നഗരത്തിലെ സെന്റ് ജെയിംസ് ടൗണിലെ ഷെര്‍ബോണ്‍ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തിലായിരുന്നു വെടിവയ്പ്പ്.
വെടിയേറ്റ വാസുദേവിനെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നു പോലിസ് പറഞ്ഞു. ടൊറന്റോ പോലിസ് സര്‍വീസിലെ ഹോമിസൈഡ് സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു.
സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിങ് മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി. കാര്‍ത്തികിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരിയിലാണ് കാര്‍ത്തിക് കാനഡയിലെത്തിയത്. പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്ന കാര്‍ത്തിക് ജോലിക്കായി പോവുമ്ബോഴാണ് വെടിയേറ്റത്.
അഞ്ചരയടിയോളം ഉയരമുള്ള ഇടത്തരം ശരീരപ്രകൃതിയുള്ള കറുത്തവര്‍ഗക്കാരനായ പുരുഷനാണ് വെടിവയ്പ്പ് നടത്തിയതെന്നു പോലിസ് പറഞ്ഞു. ഇയാള്‍ ഗ്ലെന്‍ റോഡിലൂടെ തെക്കോട്ട് ഹോവാര്‍ഡ് സ്ട്രീറ്റിലേക്ക് ഒരു കൈത്തോക്കുമായി നടന്നുപോവുന്നത് കണ്ടതായി ഒരു വാര്‍ത്താ ചാനല്‍ റിപോര്‍ട്ട് ചെയ്തു