ഒട്ടാവ: കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി വിജയത്തിലേക്കെന്ന് പ്രവചനം. ലിബറല്‍ പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലേറുന്നതിന് ആവശ്യമായ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് കനേഡിയന്‍ മാധ്യമങ്ങളായ സിടിവിയും സിബിസിയും പ്രവചിച്ചു. യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെയും തീരുവയുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ട്രംപിന്റെ ഭീഷണികള്‍ നേരിടുന്നതിന് ശക്തമായ ജനപിന്തുണ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മാര്‍ക് കാര്‍ണി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. ട്രംപിന്റെ ഭീഷണി വരുന്നത് വരെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലേറുമെന്നുമായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും പരമാധികാരത്തെയും ട്രംപ് ഭീഷണിപ്പെടുത്തിയതോടെ പ്രവചനങ്ങള്‍ മാറിമറിഞ്ഞെന്നാണ് വിവരം.
ജനസംഖ്യാവര്‍ധനയ്ക്കനുപാതികമായി 2021-ലെ തിരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചുസീറ്റ് ഇക്കുറി കൂട്ടിയിരുന്നു. 172 സീറ്റാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം. എന്നാല്‍ 172 സീറ്റുകള്‍ ഭരണകക്ഷി ഒറ്റയ്ക്ക് സ്വന്തമാക്കുമോ എന്നത് സംശയകരമാണ്.
സാമ്പത്തികപ്രതിസന്ധി, കുടിയേറ്റപ്രശ്‌നം, യുഎസുമായും ഇന്ത്യയുമായുമുള്ള നയതന്ത്രപ്പോര്, തീരുവ തുടങ്ങി വിവിധ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയെത്തിയത്.
സര്‍ക്കാരിന് ഒക്ടോബര്‍വരെ കാലാവധിയുണ്ടായിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കുകയായിരുന്നു. ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നായിരുന്നു സര്‍വേഫലങ്ങളെല്ലാം. മാര്‍ച്ചില്‍ പിരിച്ചുവിട്ട പാര്‍ലമെന്റില്‍ ലിബറലുകള്‍ക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണുണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിന്റെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലിബറല്‍സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. 2.82 കോടി രജിസ്ട്രേഡ് വോട്ടര്‍മാരാണ് കാനഡയിലുള്ളത്. 73 ലക്ഷം പേര്‍ മുന്‍കൂറായി വോട്ടുചെയ്തു.