ഒട്ടാവ: കാനഡ തിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) തലവൻ ജഗ്മീത് സിങ് രാജിവച്ചു. ഖലിസ്ഥാൻ അനുകൂല നേതാവായി അറിയപ്പെടുന്ന ജഗ്മീത് സിങ് ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥി വേഡ് ചാങ്ങിനോട് പരാജയപ്പെട്ടു. ചാങ് 40 ശതമാനത്തിലധികം വോട്ടുകൾ നേടിയപ്പോൾ സിങ് 27 ശതമാനം വോട്ടുകളിലേക്ക് ഒതുങ്ങി.
തിരഞ്ഞെടുപ്പിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും വലിയ തകർച്ച നേരിട്ടു. ഇതോടെയാണ് പാർട്ടി തലപ്പത്ത് നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് ജഗ്മീത് സിങെത്തിയത്. എൻഡിപിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എട്ടു വർഷത്തെ നേതൃത്വത്തിനു ശേഷമാണ് സിങ് പാർട്ടി മേധാവി സ്ഥാനം ഒഴിയുന്നത്. ‘എൻഡിപിക്ക് കൂടുതൽ സീറ്റ് നേടാൻ കഴിയാത്തതിൽ എനിക്ക് നിരാശയുണ്ട്. എന്നാൽ പ്രസ്ഥാനത്തിൽ നിരാശയില്ല. പാർട്ടിയെക്കുറിച്ച് പ്രതീക്ഷയുണ്ട്. ഭയത്തേക്കാൾ നമ്മൾ എപ്പോഴും പ്രത്യാശ തിരഞ്ഞെടുക്കുമെന്ന് എനിക്കറിയാം. മെച്ചപ്പെട്ട ഒരു കാനഡയെക്കുറിച്ച് നമുക്ക് സ്വപ്നം കാണാൻ കഴിയില്ലെന്ന് പറയുന്നവരെ വിശ്വസിക്കുമ്പോൾ മാത്രമാണ് നമ്മൾ പരാജയപ്പെടുന്നത്.’ ജഗ്മീത് സിങ് എക്സിൽ കുറിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറലുകൾ 167 സീറ്റുകൾ നേടി അധികാരം നിലനിർത്തി. യുഎസ് ട്രംപിന് കനേഡിയൻ ജനത കൊടുത്ത മറുപടിയാണെന്ന് കാർണി പ്രതികരിച്ചു.