ഒട്ടാവ: മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ വീണ്ടും രൂപീകൃതമായ കനേഡിയന്‍ സര്‍ക്കാരില്‍ 24 പുതുമുഖങ്ങള്‍. ആകെ 29 അംഗ മന്ത്രിസഭയാണ് രൂപീകൃതമായത്. ഇന്ത്യന്‍ വംശജരായ രണ്ടു പേരാണ് ഇക്കുറി മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുള്ളത്.അനിത ആനന്ദ്, മനീന്ദര്‍ സിംഗ് സിദ്ധു എന്നിവരാണ് മാര്‍ക്ക് കാര്‍ണി മന്ത്രിസഭയിലെ ഇന്ത്യന്‍ വംശജര്‍ .
അനിതാ ആനന്ദ് വിദേശകാര്യമന്ത്രിയായും മനീന്ദര്‍ സിംഗ് സിദ്ധു അന്താരാഷ്ട്ര വ്യാപര മന്ത്രിയുമാകും. ജസ്റ്റീന്‍ ട്രൂഡോ മന്ത്രിസഭയില്‍ അനിത ആനന്ദ് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്
ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാരുടെ മകളായി അനിതാ ആനന്ദ് നോവാ സ്‌കോട്ടിയയിലെ കെന്റി വില്ലെയിലാണ് ജനിച്ചത്. 2019-ല്‍ ഓക് വില്ലേയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രതിരോധമന്ത്രി, ട്രഷറി ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതിനു മുമ്പ് നിയമത്തില്‍ പ്രഫസറായി ടൊറൊന്റോ സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്നു.
ബ്രാംപ്റ്റണ്‍ ഈസ്റ്റില്‍ നിന്നാണ് മനീന്ദര്‍ സിദ്ധു വിജയിച്ചത്. 2019 ലാണ് സിദ്ധുവും ആദ്യമായി പാര്‍ലമെന്റിലേക്ക് എത്തിയത്. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ഇക്കുറി മന്ത്രിസഭയിലേക്ക് കാലെടുത്തു വെയ്ക്കുന്നത്.
മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോ?ഗം ഇന്ന് നടക്കും. ഈ മാസം 27നാണ് പാര്‍ലമെന്റ് സമ്മേളനം.