മോൺക്‌ടൺ: കാനഡയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മോൺക്‌ടൺ നഗരത്തിലുള്ള വാട്ടർ പാർക്കിൽവച്ചാണ് സ്ത്രീകളോടും പെണ്‍കുട്ടികളോടും ഇയാള്‍ അപമര്യാദയായി പെരുമാറിയത്. നോവ സ്കോട്ടിയയിലെ ഹാലിഫാക്സിൽ താമസിക്കുന്ന 25 വയസ്സുകാരനാണ് പ്രതി. ഈ മാസം 7 നായിരുന്നു സംഭവം. വാട്ടർ പാർക്കിൽവച്ച് പ്രതി ലൈംഗിക താല്‍പര്യത്തോടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ സ്പർശിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് ഇയാളെ കയ്യോടെ പിടികൂടിയത്.
16 വയസ്സിൽ താഴെയുള്ള 12 പേരാണ് ഇയാൾക്കെതിരെ പരാതി നല്‍കിയത്. വാട്ടര്‍പാര്‍ക്കില്‍വച്ചു തന്നെ ഇയാളെ പൊലീസ് പിടികൂടി. കസ്റ്റഡിയിലായ ശേഷം പിന്നീട് വിട്ടയച്ചതായും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേസുമായി ബന്ധപ്പെട്ട വാദം ഒക്ടോബര്‍ 24ന് മോങ്ടണ്‍ കോടതിയില്‍ നടക്കും.
സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ അന്വേഷണ സംഘവുമായി സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജൂലൈ 7 ന് സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളോട് കുട്ടികളുമായി സംസാരിക്കണമെന്നും ലൈംഗികാതിക്രമ പരാതി എപ്പോൾ വേണമെങ്കിലും നൽകാമെന്നും പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പ്രതി ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാട്ടർ പാർക്കിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ഒരാളുടെ അമ്മ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയുകയായിരുന്നു. ഇന്ത്യക്കാരായ ഒരു സംഘം പുരുഷന്മാരുടെ കൂടെയാണ് പ്രതി വാട്ടർ പാർക്കിൽ എത്തിയതെന്നും പെൺകുട്ടിയുടെ അമ്മ സമൂഹ മാധ്യമത്തിൽ അറിയിച്ചു.