ജയ്‌സണ്‍ മാത്യു
ടൊറോന്റോ : കാനഡയിലെ മുന്‍നിര മാധ്യമമായ ഓമ്‌നി ടീവിയിലെ മലയാളം പ്രോഗ്രാമായ “കേരളീയം” 50 എപ്പിസോഡുകള്‍ പിന്നിട്ട് വിജയകരമായി മുന്നേറുന്നു. ഓമ്‌നി ടീവിയിലെ മറ്റു എല്ലാ എത്‌നിക് പ്രോഗ്രാമുകളെയും മറികടന്ന് പ്രേക്ഷകരുടെ എണ്ണത്തിലും ഗുണനിലവാരത്തിലും കേരളീയം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് .
സോച്ചു മീഡിയായുടെ ബാനറില്‍ സജി കൂനയിലിന്റെ നേതൃത്വത്തിലാണ് എല്ലാ ആഴ്ചകളിലും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത്. ഞായറാഴ്ചകളില്‍ 12 .30 ന് സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം തിങ്കളാഴ്ച 2 .30 നും വെള്ളിയാഴ്ച 3 .30 നും പുനഃ സംപ്രേക്ഷണം ചെയ്യുന്നുണ്ട് . ഫ്രീ ടു എയര്‍ ചാനലായ ഓമ്‌നി ടീവിയിലെ പ്രോഗ്രാം ഐപിടീവി ഉള്ളവര്‍ക്കും ഇന്‍ഡോര്‍ ആന്റിന ഉള്ളവര്‍ക്കും കാനഡയിലുടനീളം സൗജന്യമായി കാണാവുന്നതാണ് .
കാനഡയില്‍ മുന്‍കാലങ്ങളില്‍ എത്തിയവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടുവാനായി “പിന്നിട്ട വഴികള്‍ ” വിവിധ മേഖലകളില്‍ ജീവിത വിജയം കൈവരിച്ച കനേഡിയന്‍ മലയാളികളെ പരിചയപ്പെടുത്തുന്ന “വിജയ വീഥി”, മലയാളികളുടെ കലാസാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി “നാട്ടരങ്ങു ” കേരളീയ പാചക രീതി പഠിപ്പിക്കുന്ന ” രുചി കൂട്ടിലെ പൊടിക്കൂട്ട് ‘, വിവിധ മേഖലകളില്‍ വ്യത്യസ്തമായ രീതിയില്‍ വ്യക്തിമുദ്ര പതിച്ചവരെ വെളിച്ചത്തുകൊണ്ടുവരുന്ന “വേറിട്ട കാഴ്ചകള്‍ “,
നിയമ വിദഗ്ദയായ ലതാ മേനോന്‍ അവതരിപ്പിക്കുന്ന നിയമ വീഥി, റിയല്‍ട്ടര്‍ മനോജ് കരാത്ത കൈകാര്യം ചെയ്യുന്ന വീടുകളെക്കുറിച്ചുള്ള ചോദ്യോത്തര പംക്തിയായ “സ്വപ്ന വീട്” , ട്രാവല്‍ വ്‌ളോഗര്‍മാരെ പ്രോത്സാഹിപ്പിക്കാനായി തയ്യാറാക്കുന്ന “സഞ്ചാരം”, തുടങ്ങിയ നിരവധി സെഗ്മെന്റുകള്‍ കേരളീയത്തിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട് .
മേഘാ പുത്തൂരാനാണ് പ്രോഗ്രാമിന്റെ പ്രധാന അവതാരക. പ്രൊഡക്ഷന്‍ സഹായികളായ വിനയ്, കേത്ത്, നീല്‍ രാജ് (എഡിറ്റിങ് ), മാത്യു ജോര്‍ജ് (സ്ക്രിപ്റ്റ്), ഡോ.ആഷ്‌ലി വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ ), അനിതാ നായര്‍ (ആശയം), സജീവ് രാജ് (കാമറ ), സഞ്ജു (പ്രൊഡക്ഷന്‍ ഡിസൈനര്‍ ), ബാലാജി ( മാര്‍ക്കറ്റിങ്) തുടങ്ങിയ വോളണ്ടീറായ ഒട്ടേറെപ്പേരുടെ നിസ്വാര്‍ത്ഥ സേവനങ്ങളാണ് “കേരളീയ” ത്തെ മുന്നോട്ടു നയിക്കുന്നത്.
സമീപ ഭാവിയില്‍ വ്യത്യസ്തമായ നിരവധി പുതിയ സെഗ്മെന്റുകള്‍ തുടങ്ങാനും പ്രക്ഷേപണ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും പ്ലാനുണ്ടെന്നു ഏഷ്യന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചാനലുകളില്‍ പ്രവര്‍ത്തനപരിചയമുള്ള പ്രൊഡ്യൂസര്‍ സജി കൂനയില്‍ അറിയിച്ചു. പ്രോഗ്രാമുകളില്‍ പങ്കെടുക്കേണ്ടവര്‍ ബന്ധപ്പെടേണ്ട വിലാസം: keraleeyamcanada@ gmail.com വെബ്‌സൈറ്റ് : www.keraleeyam.ca