ജയ്‌സണ്‍ മാത്യു
ടൊറോന്റോ: അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ, കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന സംഗീതപരിപാടിയായ ‘ഓര്‍മ്മ സ്പര്‍ശം’ അമേരിക്കക്ക് പുറമെ ഇനി മുതല്‍ കാനഡയിലും ആരംഭിക്കാന്‍ പോകുന്നു.
പരിപാടിയുടെ സംപ്രേക്ഷണം സെപ്റ്റംബര്‍ 11 ശനിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് തുടങ്ങുന്നത് . പരിപാടിയുടെ പുനഃസംപ്രേക്ഷണം ഞായറാഴ്ചകളില്‍ വൈകുന്നേരം 8.30 ന് ഉണ്ടായിരിക്കും.
കടല്‍ കടന്നാലും, കാതമെത്ര താണ്ടിയാലും പിറന്ന നാടിന്റെ കലാ, സാംസ്കാരിക പാരമ്പര്യം എന്നും കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ജനിച്ച നാടിന്റെ ഓര്‍മ്മകള്‍ നമ്മളില്‍ ഏറ്റവും കൂടുതല്‍ ഉണര്‍ത്തുന്നത് മണ്ണിന്റെ മണമുള്ള നമ്മുടെ പഴയ പാട്ടുകളാണ്.
ഓര്‍മ്മകളുണര്‍ത്തുന്ന ആ പഴയ മലയാള ഗാനങ്ങളുടെ മാസ്മരിക തേരില്‍ സഞ്ചരിക്കാന്‍ കാനഡയിലെ മലയാളികള്‍ക്ക് ഒരവസരമൊരുക്കുകയാണ് ‘ഓര്‍മ്മ സ്പര്‍ശം’ പരിപാടിയിലൂടെ കൈരളി ടിവി.
മലയാളി ഗായകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കിക്കൊണ്ട് അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഈ പരിപാടി അമേരിക്കയിലെ മലയാളി സമൂഹത്തിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കുകള്‍ നിറഞ്ഞ പ്രവാസജീവിതത്തിനിടയില്‍ വിസ്മരിച്ചു പോയേക്കാവുന്ന ഒരു പിടി അനുഗൃഹീത ഗായകരുടെ അതുല്യമായ കഴിവുകളെ മലയാളി സമൂഹത്തിന് മുന്നില്‍ എത്തിച്ച കൈരളി ചാനലിന്റെ സേവനം തീര്‍ത്തും ശ്ലാഘനീയമാണെന്നതില്‍ സംശയമേതുമില്ല.
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്ന് ഈ പരിപാടിക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യതയും, പ്രോത്സാഹനവുമാണ് കാനഡയിലും ‘ഓര്‍മ്മസ്പര്‍ശം’ ആരംഭിക്കാന്‍ കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ മാത്യു ജേക്കബിന് (ബ്യൂറോ ചീഫ്, കൈരളി ടിവി – കാനഡ) പ്രേരണയേകിയത്.
കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള നാല്പതോളം മലയാളി ഗായകരാണ് ഈ സംഗീത പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്. റോണ്‍, ഡോ.അമിത (അഭീതി ), ബെന്നി, അജിമോള്‍, റിയാനാ, റിഞ്ചു , ലിറ്റി, തെരേസാ , ഡയാന, ബൈജു, ലിന്‍സി, സജ്‌ന, പിങ്കി, ജയദീപ്, സണ്ണി, ഗീത, മായ, റിയാ, ഡോ. വിദ്യ, എഡ്‌വിന , ജിന്‍സി, ശരത്, നന്ദിത,സന്ദീപ്, ശില്പ, അശ്വതി, സുനി, ജോര്‍ജ് , മിക്കി, ജിന്റോ, റോസ്മി, അലന്‍ , സിനൂപ് , ബാന്‍ഷീ , ലിസ , അനശ്വര തുടങ്ങിയവര്‍ പാടുന്ന ഓര്‍മ്മകളുണര്‍ത്തുന്ന പഴയ മലയാള ഗാനങ്ങള്‍ ഇനി മുതല്‍ ‘ഓര്‍മ്മസ്പര്‍ശത്തിലൂടെ’ കൈരളി ടിവി, കൈരളി അറേബ്യ, കൈരളി വി, കൈരളി ന്യൂസ് ചാനലുകളില്‍ കാണാവുന്നതാണ്. ഈ നാല് ചാനലുകള്‍ക്ക് പുറമെ സോഷ്യല്‍മീഡിയയിലും, യൂട്യുബിലും ഈ പരിപാടിയുടെ ഭാഗങ്ങള്‍ ലഭ്യമാകും.
കലാസ്വാദകരായ കനേഡിയന്‍ മലയാളികള്‍ക്ക് ഇത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് മാത്യു ജേക്കബ് പറഞ്ഞു. കൈരളി ടിവി യുഎസ്എയുടെ ഡയറക്ടര്‍ ജോസ് കടപ്പുറം, കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എംപി, കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിക്കുന്ന ഈ സംഗീത സദ്യ പ്രവാസി മലയാളികള്‍ക്ക്, പ്രത്യേകിച്ച് സംഗീത പ്രേമികള്‍ക്ക് തികച്ചും ഉന്മേഷം പകരുന്ന ഒന്നായിരിക്കും.
ഡേവിസ് , വില്‍സണ്‍, വിപിന്‍ എന്നിവരാണ് നിര്‍മ്മാണ സഹായികള്‍ . ബിന്ദു, ആംല, രേഷ്മ എന്നിവരാണ് പരിപാടിയുടെ പ്രധാന അവതാരകര്‍. പ്രണയത്തിന്റെയും, വിരഹത്തിന്റെയുമെല്ലാം നിസ്സീമമായ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്ന വേളകളുമായി ‘ഓര്‍മ്മസ്പര്‍ശം’ ആരംഭിക്കുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും നയനാന്ദകരവും, ശ്രവണസുന്ദരവുമായ ആ സംഗീതവിരുന്നില്‍ പങ്കുചേരാം.