Wednesday, April 2, 2025

HomeCanadaസൗജന്യഭക്ഷണം മുടങ്ങും; വിദേശ വിദ്യാര്‍ത്ഥികളോട് മുഖം തിരിച്ച് കാനഡയിലെ ഫുഡ് ബാങ്കുകള്‍

സൗജന്യഭക്ഷണം മുടങ്ങും; വിദേശ വിദ്യാര്‍ത്ഥികളോട് മുഖം തിരിച്ച് കാനഡയിലെ ഫുഡ് ബാങ്കുകള്‍

spot_img
spot_img

വിദേശ രാജ്യങ്ങളില്‍ നിന്ന് കാനഡയിലെത്തുന്ന ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കാനൊരുങ്ങി വാന്‍കൂവറിലെ ഫുഡ് ബാങ്ക്. ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് ഈ തീരുമാനവുമായി ഫുഡ് ബാങ്ക് അധികൃതര്‍ രംഗത്തെത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതും ഭക്ഷണസാധനങ്ങളുടെ വിലകൂടിയതുമാണ് ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിച്ചത്.

ദി ഗ്രേറ്റര്‍ വാന്‍കൂര്‍ ഫുഡ് ബാങ്കാണ് ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം നിഷേധിക്കാന്‍ തുടങ്ങിയത്. ഇതോടെ നിരവധി പേരാണ് ഫുഡ് ബാങ്കിനെതിരെ രംഗത്തെത്തിയത്. വിദേശ വിദ്യാര്‍ത്ഥികളെയാണ് ഈ തീരുമാനം സാരമായി ബാധിക്കുക. കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടില്‍ ട്യൂഷന്‍ ഫീസും യാത്ര ചെലവും കഴിച്ച് ഒന്നാം വര്‍ഷം മുഴുവന്‍ 20635 ഡോളര്‍ ഉണ്ടാകണമെന്നാണ് കാനഡയുടെ നയമെന്ന് ദി ഗ്രേറ്റര്‍ വാന്‍കൂര്‍ ഫുഡ് ബാങ്ക് പറഞ്ഞു.

രണ്ട് ദശാബ്ദത്തിന് ശേഷമാണ് വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട തുക വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 10000 ഡോളര്‍ ആയിരുന്നത് ഈ വര്‍ഷം ജനുവരി 1 മുതല്‍ 20,635 ഡോളര്‍ ആയി ഉയര്‍ത്തുകയായിരുന്നു. അതേസമയം കാനഡയിലെ ജീവിതച്ചെലവും രണ്ടിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേര്‍ ഫുഡ് ബാങ്കുകളില്‍ നിന്നുള്ള സൗജന്യ ഭക്ഷണത്തെ ആശ്രയിച്ചുവരികയായിരുന്നു.

2024 മാര്‍ച്ചില്‍ 20 ലക്ഷം ആളുകളാണ് കാനഡയിലെ ഫുഡ് ബാങ്കുകളില്‍ എത്തിയതെന്ന് കണക്കുകള്‍ പറയുന്നു. 2019 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇരട്ടിയാളുകളാണ് ഫുഡ് ബാങ്കുകളില്‍ എത്തിയതെന്ന് കണക്കുകള്‍ വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പണപ്പെരുപ്പം, വീട്ടുവാടക എന്നിവ വര്‍ധിച്ചതാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഫുഡ് ബാങ്കുകളിലേക്ക് എത്തിക്കുന്നതെന്ന് നിരവധി പേര്‍ പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ സൗജന്യ സേവനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കേണ്ടി വരുമെന്ന് ഫുഡ് ബാങ്ക്‌സ് കാനഡ സിഇഒ കിര്‍സ്റ്റണ്‍ ബീര്‍ഡ്സ്ലിയെ ഉദ്ധരിച്ച് കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം നിഷേധിക്കുന്ന ദി ഗ്രേറ്റര്‍ വാന്‍കൂര്‍ ഫുഡ് ബാങ്കിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കാനഡയിലെ അന്തര്‍ദേശീയ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ ജസ്‌കരണ്‍ സിംഗ് പറഞ്ഞു. പുതിയൊരു രാജ്യത്ത് യാതൊരുവിധ പിന്തുണയില്ലാതെ എത്തുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതം ദു:സഹമാക്കുന്ന നയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഫുഡ് ബാങ്കുകളുടെ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.  ’’ കാനഡയില്‍ ആദ്യമായി എത്തുന്ന ഒരു പതിനെട്ടുകാരനായ വിദ്യാര്‍ത്ഥി തന്റെ വരുമാനത്തെക്കാള്‍ വലിയൊരു തുക ഇവിടുത്തെ ചെലവിനായി മാറ്റിവെയ്ക്കണമെന്ന് തിരിച്ചറിയേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ഒന്ന് ആലോചിച്ച് നോക്കൂ. പാര്‍ട്ട് ടൈം ജോലി പോലും ലഭിക്കാത്ത സമയമാണിത്,’’ എന്നൊരാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ കുറിച്ചു.

എന്നാല്‍ ഫുഡ് ബാങ്കുകളുടെ തീരുമാനത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കാനഡയിലെ നികുതിദായകരാണ് ഫുഡ് ബാങ്കുകളെ പിന്തുണയ്ക്കുന്നതെന്നും രാജ്യത്തെ പാവപ്പെട്ട പൗരന്‍മാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കേണ്ടതെന്നും നിരവധി പേര്‍ പറഞ്ഞു.

കൂടാതെ കാനഡയിലെ ചില കോളേജുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാതെ അവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ ആവശ്യമായ വിസ ലഭ്യമാകാന്‍ അവസരം നല്‍കുകയാണ്. അതിലൂടെ പതിയെ കാനഡയിലേക്ക് കുടിയേറാന്‍ അവരെ പ്രേരിപ്പിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതാണ് കാനഡയിലെ സ്വകാര്യ കോളേജുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി ഫീസാണ് ഈ കോളേജുകള്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments