ഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയന്ത്രബന്ധം വഷളാകുന്നതിനിടെ പുതിയ നീക്കവുമായി ട്രൂഡോ സർക്കാർ. കാനഡ സൈബർ എതിരാളികളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയാണ് പുതിയ നീക്കം. ഇതിനെ, ശക്തമായി വിമർശിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ.
സൈബർ എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ആക്രമിക്കുന്നതിന് വേണ്ടിയാണെന്ന് രൺധീർ ജയ്‌സ്വാൾ വിമർശിച്ചു. രാജ്യാന്തരതലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ശ്രമമാണെന്നും പറഞ്ഞു. തെളിവുകളില്ലാതെ സ്ഥിരമായി കാനഡ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്നുകൂടിയാണിത്. മറ്റുരാജ്യങ്ങളുടെ അഭിപ്രായം ഇന്ത്യക്കെതിരെ തിരിക്കാൻ കാനഡ ശ്രമം നടത്തിയിരുന്നതായി അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാനഡയുടെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട 2025-2026 റിപ്പോർട്ടിലാണ് ഇന്ത്യയെ സൈബർ എതിരാളികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ സൈബർ ചാരപ്രവർത്തനത്തിന് ശ്രമിക്കുന്നതായാണ് റിപ്പോർട്ടിലെ ആരോപണം. ആഗോളതലത്തിൽ പുതിയ അധികാര കേന്ദ്രമാകാൻ ശ്രമിക്കുന്ന ഇന്ത്യയെപോലെയുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് കാനഡയ്ക്ക് സൈബർ ഭീഷണി ഉയർത്തുന്ന പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ആദ്യമായാണ് സൈബർ എതിരാളികളുടെ പട്ടികയിൽ ഇന്ത്യയുടെ പേര് കാനഡ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കാളിത്തമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ അന്ന് തള്ളിയിരുന്നു.