ഒട്ടാവ: ബ്രാംപ്ടണിലെ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാനി വിഘടന വാദികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അക്രമം അംഗീകരിക്കാനാവില്ലെന്നും ഓരോ കനേഡിയനും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിര്‍ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണച്ചുകൊണ്ടുള്ള ബാനറുകള്‍ പിടിച്ച പ്രതിഷേധക്കാര്‍ ക്ഷേത്രത്തിന് ചുറ്റും പ്രകടനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിന് ചുറ്റുമുള്ള മൈതാനത്ത് ആളുകള്‍ പരസ്പരം മുഷ്ടിചുരുട്ടുന്നതും വടികൊണ്ട് അടിക്കുന്നതും വിഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ വേഗത്തില്‍ പ്രതികരിച്ചതിനും അന്വേഷണം നടത്തുന്നതിനും പൊലീസിനെ ട്രൂഡോ പ്രശംസിച്ചു.
ക്ഷേത്രത്തിന് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. സമാധാനപരവും സുരക്ഷിതമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ മാനിക്കുന്നു, എന്നാല്‍ അക്രമവും ക്രിമിനല്‍ പ്രവൃത്തികളും വെച്ചുപൊറുപ്പിക്കില്ലെന്ന് പീല്‍ റീജണല്‍ പൊലീസ് ചീഫ് നിഷാന്‍ ദുരൈയപ്പ പറഞ്ഞു.
മതസ്വാതന്ത്ര്യം കാനഡില്‍ അടിസ്ഥാന മൂല്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ആരാധനാലയങ്ങളില്‍ സുരക്ഷിതത്വം തോന്നണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയില്‍ ആശങ്കാകുലരാണെന്ന് ഓട്ടവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തം ആരോപിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കനേഡിയന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നമെന്നാണ് ഇന്ത്യയുടെ വാദം.