ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നിയമം. വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചതോടെയാണിത്. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്.
ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കി. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
2018ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയന്‍ ഗ്യാരന്റീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ നല്‍കുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഇതു ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു തിരിച്ചടിയാണു പുതിയ തീരുമാനം