ഓക്ലാന്‍ഡ് : വെസ്റ്റ് ഓക്ലാന്റിലെ മലയാളികളുടെ കൂട്ടായ്മയായ വെസ്റ്റേണ്‍ നൈറ്റ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഓക്ലാന്‍ഡ് കോര്‍ബെന്‍ എസ്റ്റേറ്റ്ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനം ഓക്ലാന്‍ഡ് മലയാളി സമാജം സെക്രട്ടറി ലിബി ഉമ്മന്‍, കെസിഎന്‍ഇസഡ് പ്രസിഡന്റ് ഡോണ്‍ പതിപ്ലാക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.
സമ്മേളനത്തില്‍ ക്ലബിന്റെ നിയുക്ത പ്രസിഡന്റായി ഷാനു കുര്യാക്കോസ്, സെക്രട്ടറിയായി ഷമീം ഷബാബ് എന്നിവരെ തിരഞ്ഞെടുത്തു. വടംവലി, ക്രിക്കറ്റ് മത്സരങ്ങളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച അംഗങ്ങള്‍ വരും നാളുകളില്‍ മറ്റു കലാ – കായിക മേഖലകളിലേക്കും ചുവടു വെയ്ക്കുമെന്ന് ക്ലബ്പ്രസിഡന്റ് ഷാനു കുര്യാക്കോസ് പറഞ്ഞു.
ഇരുനൂറിലധികം മലയാളികള്‍ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ക്രിസ്മസ് -ന്യൂ ഇയര്‍ പരിപാടിയില്‍, ക്ലബ് അംഗങ്ങളുടെയും കുടുംബാംഗങ്ങങ്ങളുടെയും നേതൃത്വത്തിലുള്ള കലാ പരിപാടികള്‍ സമ്മേളത്തിനു കൊഴുപ്പേകി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെയാണ് സമ്മേളനം പിരിഞ്ഞത്.