ലോസ് ആഞ്ചലസ്: ഏതാണ്ട് എണ്‍പത് വര്‍ഷത്തോളം അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച നടി ബെറ്റി വൈറ്റ് അന്തരിച്ചു. 99 വയസായിരുന്നു. ‘ദ ഗോള്‍ഡന്‍ ഗേള്‍സ്’, ‘ദ മേരി ടെയ്‌ലര്‍ മൂറേ ഷോ’ എന്നിവയാണ് ബെറ്റിയെ പ്രശസ്തയാക്കിയത്.
1949 മുതല്‍ ടെലിവിഷന്‍ പരിപാടികളില്‍ നിറഞ്ഞുനിന്ന അവര്‍ നിരവധി ഹാസ്യപരമ്പരകളുടെ ഭാഗമായി. 2019ല്‍ ടോയ് സ്‌റ്റോറി 4ല്‍ ശബ്ദസാന്നിധ്യമായും ബെറ്റി വൈറ്റ് എത്തി. 1950കളില്‍ ‘ലൈഫ് വിത്ത് എലിസബത്ത്’ എന്ന ഹാസ്യപരിപാടി നിര്‍മിച്ച വൈറ്റ് ആദ്യ കാല വനിത നിര്‍മാതാക്കളില്‍ ഒരാളായി മാറി. അതില്‍ അവര്‍ മികച്ച വേഷം അഭിനയിക്കുകയും ചെയ്തു.
മുന്‍ തലമുറയെ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലൂടെ പുതു തലമുറയെയും ബെറ്റി വൈറ്റ് കൈയിലെടുത്തിരുന്നു. വിവിധ വിഭാഗങ്ങളിലായി എട്ട് എമ്മി പുരസ്‌കാരങ്ങള്‍ വൈറ്റ് സ്വന്തമാക്കിയിരുന്നു. കൂടാതെ ഏറ്റവും കൂടുതല്‍ കാലം ടെലിവിഷന്‍ പരിപാടികളില്‍ നിറഞ്ഞുനിന്നതിന് ഗിന്നസ് റെക്കോഡും വൈറ്റ് സ്വന്തമാക്കി. 79 വര്‍ഷമാണ് ടെലിവിഷന്‍ പരിപാടികളില്‍ ഇവര്‍ നിറഞ്ഞുനിന്നത്.