ചെന്നൈ: നാഗചൈതന്യ- സാമന്ത വിവാഹമോചനത്തിന് കാരണം നടി സാമന്തയാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന് പറഞ്ഞ വാക്കുകള്‍ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സമാന്തയെയും നാഗചൈതന്യയെയും കുറിച്ചുള്ള എന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജവും വിവരക്കേടുമാണ്. കിംവദന്തികള്‍ വാര്‍ത്തയെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വലിയണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’. നാഗാര്‍ജുന പറഞ്ഞു.
സമാന്തയാണ് ആദ്യം വിവാഹ മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്നും നടിയുടെ വാശിയില്‍ നാഗചൈതന്യ അത് അംഗീകരിക്കുകയായിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വര്‍ഷത്തോളം ഒരുമിച്ചുകഴിഞ്ഞ ശേഷം 2021 ഒക്ടോബര്‍ 2നാണ് ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞത്.
‘വളരെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാന്‍ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍ ആയിരുന്നു, അത് എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം നിലനിര്‍ത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.’വിവാഹമോചന വാര്‍ത്ത പങ്കുവച്ച് ഇരുവരും കുറിച്ചു.