ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. ആരാധക കൂട്ടായ്മ യോഗത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. വിജയ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്നതാണ് വിജയുടെ തീരുമാനം.
ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമായി. സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരാധകസംഘടനയായ ”വിജയ് മക്കള്‍ ഇയക്കം” തീരുമാനിച്ചിരുന്നു. വായനശാലകള്‍, സൗജന്യ ട്യൂഷന്‍സെന്ററുകള്‍, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. മുന്‍പ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നല്‍കിയിരുന്നു. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാനും മക്കള്‍ ഇയക്കത്തെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.