എല്ലാക്കൊല്ലവും പുതുമകൾ ബാക്കിവെക്കുന്ന മമ്മൂട്ടി (Mammootty) 2024ലും അക്കാര്യം ആവർത്തിക്കുമെന്ന സൂചനയുമായി വീണ്ടും. കഴിഞ്ഞ പിറന്നാളിന് ആരാധകരെ ഞെട്ടിച്ച കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന ‘ഭ്രമയുഗം’ (Bramayugam) സിനിമയിലെ അടുത്ത ലുക്ക് പുറത്ത്. മുമ്പ് ഹൊറർ-ത്രില്ലർ ചിത്രമായ ‘ഭൂതകാലം’ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ, ചിത്രം ആഭിചാരക്രിയകളെ കൈകാര്യം ചെയ്യുന്നതാണെന്നും മമ്മൂട്ടി മന്ത്രവാദിയുടെ വേഷം ചെയ്യും എന്നുമുള്ള റിപ്പോർട്ടുകൾ തള്ളിയിരുന്നു. എന്നാലും എന്താണ് സിനിമയുടെ ഉള്ളടക്കം എന്നറിയാൻ ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നതാണ് ഈ ചിത്രം.
മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
“അങ്ങനെ ഒന്നുമില്ല. മാന്ത്രികതയോ മറ്റെന്തെങ്കിലുമോ ആണിത് എന്ന് പറയുന്നില്ല. ഞങ്ങൾ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ ഉയർന്നുവന്ന അഭ്യൂഹങ്ങളായിരുന്നു അവ, പക്ഷേ അക്കാര്യങ്ങൾ സ്ഥിരീകരിക്കാനോ നിരസിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ”സിനിമയെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് രാഹുൽ ഒരഭിമുഖത്തിൽ പറഞ്ഞു.
ഡീനോ ഡെന്നിസിന്റെ ഗെയിം-ത്രില്ലർ ബസൂക്കയുടെ ഷൂട്ടിങ്ങും മമ്മൂട്ടി പൂർത്തിയാക്കി. ചിത്രത്തിൽ അഭിനേതാക്കളായ ബാബു ആന്റണി, ഗൗതം വാസുദേവ് മേനോൻ എന്നിവരും ഭാഗമാണ്. തെലുങ്ക് ചിത്രമായ യാത്രയുടെ ഭാഗങ്ങളും ചിത്രീകരിച്ചു. കൂടാതെ മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതിയ വൈശാഖിന്റെ ആക്ഷൻ-കോമഡി എന്റർടെയ്‌നറായ ടർബോ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്ത ഓസ്‌ലറിലും അദ്ദേഹം ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.