തിരുവനന്തപുരം: 97ാമത് ഓസ്‌കാറിനുള്ള ആദ്യ റൗണ്ടിലേക്ക് പ്രവേശിച്ച് മലയാള ചിത്രം ആടുജീവിതം. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്.
ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രമാണ് ആടുജീവിതം. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. 323 ചിത്രങ്ങളില്‍ നിന്ന് 207 ചിത്രങ്ങളാണ് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ജൂഡ് ആന്റണിയുടെ സംവിധാനത്തിലെത്തിയ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.
ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കിയിരിക്കുന്നത്. എ. ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും സിനിമയെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോയത്. പൃഥ്വിരാജിന് പുറമെ അമല പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.