നടന്‍ അജിത് കുമാര്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം. ദുബായ് 24എച്ച് റേസിംഗ് മത്സരത്തിന് വേണ്ടി പരിശീലനം നടത്തുകയായിരുന്നു അദ്ദേഹം. ജനുവരി 11നാണ് മത്സരം തുടങ്ങുന്നത്. അജിത്തിന്റെ റേസിംഗ് ടീമിലെ അംഗമായ ഫാബിന്‍ ഡഫ്യൂക്സ് അപകടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
അപകടവിവരം പുറത്തുവന്നത് മുതല്‍ അജിത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയിലാണ്. ‘‘ജനുവരി 11 മുതല്‍ നടക്കുന്ന മത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു അജിത്. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ കാര്‍ മിതിലില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം പലതവണ തലകുത്തി മറിഞ്ഞു. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അജിത് ഇന്ന് പരിശീലനം പുനഃരാരംഭിക്കും,’’ അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു.
അപകടത്തില്‍ അജിത് സുരക്ഷിതനാണെന്നും അപകടത്തിന് പിന്നാലെ അദ്ദേഹം വൈദ്യ പരിശോധനയ്ക്ക് വിധേയനായെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തിൽ നിന്ന് താരം സുരക്ഷിതനാണെന്നും പോറല്‍പോലും ഏറ്റിട്ടില്ലെന്നും ഫാബിന്‍ ഡഫ്യൂക്സ് അറിയിച്ചു.
ദുബായ് 24 എച്ച്‌റേസില്‍ അജിത് കുമാറും സംഘവും പങ്കെടുക്കും. 2025ല്‍ നടക്കാനിരിക്കുന്ന നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും അവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അജിത്തിന്റെ പുതിയ ചിത്രമായ ‘വിടാമുയാര്‍ച്ചി’യുടെ റിലീസ് മാറ്റിവെച്ചിരുന്നു. ജനുവരി 10ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അദ്ദേഹം നായകനായ മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.